പ്രവാസികളുടെ യാത്രാദുരിതം ; പ്രശ്‌നം ലോക്‌സഭയില്‍ അവതരിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒഐസിസിയുടെ നന്ദി
പ്രവാസികളുടെ യാത്രാദുരിതം തുടര്‍ക്കഥയാണിപ്പോള്‍. വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും ഒരുവശത്ത്. മറ്റൊരു വശത്താകട്ടെ താങ്ങാന്‍ കഴിയുന്നതിനും അപ്പുറമുള്ള നിരക്ക് വര്‍ധന. ഇതോടെ പ്രവാസികള്‍ നാട്ടിലേക്കെത്താന്‍ പ്രയാസപ്പെടുന്നത് കുറച്ചൊന്നുമല്ല. അടിയന്തരഘട്ടത്തില്‍പോലും നാട്ടിലേക്കെത്താന്‍ കഴിയാതെ തീരാദുരിതത്തിലായ പ്രവാസികളെ ഭരണസംവിധാനങ്ങള്‍ കണ്ടില്ലെന്ന ഭാവത്തിലുമാണ്. വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രവാസികള്‍ക്കു മേലാണ് യാത്രാദുരിതവും കടന്നെത്തുന്നത്. കേന്ദ്ര ബജറ്റില്‍ ഇതിനൊക്കെ പരിഹാരം കണ്ടെത്താന്‍ കഴിയുന്ന നിര്‍ദേശങ്ങളുണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികള്‍ക്ക് അവിടെയും നിരാശയായിരുന്നു ഫലം. ഇത്തരമൊരു അടിയന്തര സാഹചര്യത്തില്‍ ഈ പ്രശ്‌നത്തെ കൃത്യമായി ലോക്‌സഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കളെ നന്ദിയോടെ ഓര്‍ക്കുകയാണ്. പ്രവാസികളുടെ ശബ്ദമായി അവര്‍ മാറിയത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നുവെന്നതില്‍ തര്‍ക്കമില്ല.
പ്രവാസികളും യാത്രാദുരിതവും എന്ന വിഷയത്തിലുള്ള ചര്‍ച്ചകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് ഈ വിഷയത്തില്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. ഒരോ ബജറ്റിലും ഇതിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും ഇപ്പോള്‍ അസ്ഥാനത്താണ്. ശക്തമായ പ്രതിഷേധത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണുതുറപ്പിക്കുക എന്നതുമാത്രമാണ് അവസാന വഴി. നിലവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. ഒഐസിസി - ഇന്‍കാസ് പ്രവര്‍ത്തകരുടെ എല്ലാ പിന്തുണയും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരിക്കും.
കെ. സി. വേണുഗോപാല്‍, കെ. സുധാകരന്‍, ഷാഫി പറമ്പില്‍ തുടങ്ങിയ എംപിമാര്‍ ഈ വിഷയത്തെ കൃത്യമായി പഠിച്ച് അവതരിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം. ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പലപ്പോഴും ഇവരുമായി ചര്‍ച്ച നടത്തിയിട്ടുള്ളതുമാണ്. അടിയന്തര ഇടപെടല്‍ നടത്തേണ്ട പ്രശ്‌നമായി ഈ വിഷയത്തെ സഭയില്‍ അവതരിപ്പിക്കാനും അതിന് കൂടുതല്‍ ശ്രദ്ധ നല്‍കാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കായിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ശബ്ദങ്ങള്‍ ഉയരുന്നതോടെ പ്രശ്‌നപരിഹാരത്തിന് കളം ഒരുങ്ങുമെന്ന് പ്രതീക്ഷിക്കാം.
കഴിഞ്ഞ മൂന്നുമാസത്തിനിടെ എണ്ണൂറോളം വിമാനസര്‍വീസുകളാണ് കേരളത്തില്‍ നിന്നു റദ്ദാക്കിയത്. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതു മുതല്‍ പണം തിരികെ നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ കാണിച്ച അലംഭാവം സങ്കടത്തോടെ മാത്രമേ നമുക്ക് ഓര്‍ത്തെടുക്കാന്‍ കഴിയൂ. വിമാനം വൈകുന്ന സംഭവങ്ങളാകട്ടെ മറ്റൊരു പ്രതിസന്ധിയും. പ്രവാസ ലോകത്തെ അവധിക്കാലം മുതലെടുത്ത് വിമാനക്കമ്പനികള്‍ ഈടാക്കുന്നത് തോന്നിയ ടിക്കറ്റ് നിരക്കുകളാണ്. അവധിക്കാലത്ത് നാട്ടിലേക്കെത്താന്‍ കഴിയാതെ ദുരിതത്തിലായ പ്രവാസികളുടെ എണ്ണവും ഇതോടെ കൂടി വരികയാണ്.
പുതിയ വിമാനത്താവളങ്ങള്‍ അനുവദിച്ചതുകൊണ്ടു മാത്രം തീരുന്നതല്ല ഇത്തരം പ്രശ്‌നങ്ങള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ട് ഇതില്‍ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് വഴിയൊരുക്കണം. വിമാനനിരക്കു വര്‍ധന സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹന്‍ നായിഡുവിന്റെ വാക്കുകളിലും പ്രതീക്ഷയില്ലെന്നു പറയട്ടെ. നേരത്തെ രൂപീകരിച്ച ഇത്തരം സമിതികളുടെ പ്രവര്‍ത്തങ്ങള്‍ എവിടെയായി എന്നുകൂടി പ്രതികരിച്ച ശേഷം പുതിയ സമിതി രൂപീകരിക്കുന്നതാവും നല്ലത്. പ്രവാസികളെ പറ്റിക്കാന്‍ രൂപീകരിക്കുന്ന ഇത്തരം സമിതികളിലുള്ള വിശ്വാസം നേരത്തെ നഷ്ടപ്പെട്ടതാണ്. എന്തായാലും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളെടുത്ത താല്‍പര്യത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രവാസിയും.