തുരങ്കത്തിലെ ദുരന്തം, രക്ഷാപ്രവർത്തനം തുടരുന്നു, 2 പേർക്കു പരുക്ക്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സിൽക്യാര-ബർകോട്ട് തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമം നാലാം ദിവസത്തിലേക്ക്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരുടെ ആരോഗ്യ നില കുഴപ്പമില്ലെന്ന് രക്ഷാ പ്രവർത്തകർ. അതേ സമയം, സുരക്ഷാ സേന നടത്തുന്ന രക്ഷാപ്രവർത്തനത്തിനിടെ അവശിഷ്ടങ്ങൾ വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 4.45 ഓടെ തുരങ്കം തുരക്കുന്നതിനുള്ള ആഗർ മെഷീൻ സ്ഥാപിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലിരിക്കെയാണ് അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ലഭിച്ച വിവരങ്ങളനുസരിച്ച്, ഇൻസ്റ്റാളേഷൻ പ്രക്രിയയിൽ ഏർപ്പെട്ടിരുന്ന 10 തൊഴിലാളികളിൽ, രണ്ട് പേർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന്, പരിക്കേറ്റ തൊഴിലാളികളായ യൂസഫ് അലി, സാഹിദു രാമ എന്നിവരെ അപകടസ്ഥലത്തിന് സമീപം താൽക്കാലികമായി നിർമ്മിച്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി. ആരോഗ്യനില തൃപ്തികരമാണ്. 10-15 തൊഴിലാളികളും സാങ്കേതിക വിദഗ്തരും അടങ്ങുന്ന സംഘമാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.