പുരുഷന്‍മാരെ പ്ലാസ്റ്റിക് കാവറിനോട് ഉപമിച്ച് ട്വിങ്കിള്‍ ഖന്ന: വിമര്‍ശനവുമായി കങ്കണ റണാവത്ത്
മുംബൈ: പുരുഷന്‍മാരെ പ്ലാസ്റ്റിക് കാവറിനോട് ഉപമിച്ച നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. മാസങ്ങള്‍ക്ക് മുമ്പ് ട്വിങ്കിള്‍ നല്‍കിയ ഒരു അഭിമുഖത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് നടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
'നമ്മുടെ പുരുഷന്മാരെ പ്ലാസ്റ്റിക് കവറിനോട് ഉപമിച്ചിട്ട് ഈ പ്രിവിലേജ്ഡ് ബ്രാറ്റ്സ് കൂളായിരിക്കാന്‍ ശ്രമിക്കുകയാണോ വായില്‍ വെള്ളിക്കരണ്ടികളുമായി ജനിച്ച നെപ്പോകിഡ്സിന്, സ്വര്‍ണ്ണ തളികകളില്‍ സിനിമാ ജീവിതം നല്‍കും. എന്നാല്‍ അവര്‍ക്ക് അഭിനയത്തോട് നീതി പുലര്‍ത്താന്‍ ഒരിക്കലും കഴിയില്ല. കുറഞ്ഞത് അവര്‍ക്ക് മാതൃത്വത്തിന്റെ നിസ്വാര്‍ത്ഥതയില്‍ കുറച്ച് സന്തോഷവും സംതൃപ്തിയും കണ്ടെത്താനാകും, എന്നാല്‍ അത് അവരുടെ കാര്യത്തില്‍ ശാപമായി തോന്നുന്നു. എന്താണ് അവര്‍ കൃത്യമായി ആഗ്രഹിക്കുന്നത് പച്ചക്കറിയോ അതാണോ ഫെമിനിസം'- കങ്കണ ചോദിക്കുന്നു.
ട്വിങ്കിള്‍ ഖന്ന മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് പുരുഷന്മാരെ പ്ലാസ്റ്റിക്കിനോട് ഉപമിച്ചത്. എപ്പോഴാണ് ഒരു ഫെമിനിസ്റ്റാണെന്ന് തിരിച്ചറിഞ്ഞത് എന്ന ചോദ്യത്തിനായിരുന്നു മറുപടി. 'നമ്മള്‍ ഫെമിനിസത്തേക്കുറിച്ചോ സമത്വത്തെക്കുറിച്ചോ ഒന്നും സംസാരിക്കാറില്ല. എന്നാല്‍ ഇവിടെ പുരുഷന്മാരുടെ ആവശ്യമില്ലെന്നുള്ള കാര്യം വളരെ വ്യക്തമാണ്. നിങ്ങള്‍ക്ക് ഒരു നല്ല ഹാന്‍ഡ്ബാഗ് ഉള്ളതുപോലെ ഒരു പുരുഷന്‍ ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ നിങ്ങളുടെ കയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടെങ്കില്‍ പോലും അത് ചെയ്യും. അങ്ങനത്തെ സങ്കല്‍പ്പത്തിലാണ് ഞാന്‍ വളര്‍ന്നത്. അവ കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ലെന്ന് എനിക്ക് വളരെക്കാലമായി തോന്നി. സ്ത്രീകളേക്കാള്‍ ദുര്‍ബലരാണ് പുരുഷന്മാര്‍. ഒരുപക്ഷേ ഞങ്ങള്‍ (സ്ത്രീകള്‍) ശ്രേഷ്ഠരല്ല, പക്ഷേ തുല്യരാണ്. അതാണ് ഫെമിനിസത്തിലേക്കുള്ള എന്റെ യാത്ര'- എന്നാണ് ട്വിങ്കിള്‍ ഖന്ന പറഞ്ഞത്.
നടന്‍ അക്ഷയ് കുമാറുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത ട്വിങ്കിള്‍ എഴുത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വെല്‍ക്കം ടു പാരഡൈസ് എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കി. 1995-ല്‍ ബര്‍സാത്ത് എന്ന ചിത്രത്തിലൂടെയാണ് ട്വിങ്കിള്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത്. 2001-ല്‍ പുറത്തിറങ്ങിയ ലവ് കെ ലിയേ കുച്ച് ഭി കരേഗാ ആയിരുന്നു അവസാന ചിത്രം. ആരവ്, നിതാര എന്നിവരാണ് മക്കള്‍.