യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറി യു കലാനാഥന്‍ അന്തരിച്ചു
കോഴിക്കോട്: യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറി യു കലാനാഥന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും ആയിരുന്നു. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കല്‍ കോളജിന് ദാനം ചെയ്യാന്‍ എഴുതിവെച്ചതിനാല്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിന് ദാനം ചെയ്യും.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജില്‍ ഉള്ളിശ്ശേരി തെയ്യന്‍ വൈദ്യരുടെയും യു കോച്ചി അമ്മയുടെയും മകനായി 1940 ലായിരുന്നു കലാനാഥന്റെ ജനനം. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി.സ്‌കൂള്‍, ഫറോക്ക് ഗവണ്‍മെന്റ് ഗണപത് ഹൈസ്‌കൂള്‍, ഫാറൂഖ് കോളേജ്, ഫാറൂഖ് ബി.എഡ്. ട്രെയിനിംഗ് കോളേജ് എന്നിവടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം നേടി. കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായാണ് തുടക്കം. ഗണപത് ഹൈസ്‌കൂള്‍ ലീഡറായിരുുന്നു. കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷനലിസ്റ്റ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഗുരുവായൂരില്‍ കൊടിമരം സ്വര്‍ണ്ണം പൂശുന്നതിനെതിരെ 1977 ല്‍ കേരള യുക്തിവാദി സംഘം നടത്തിയ സമരത്തിന് നേതൃത്വം നല്‍കി. സമരം കയ്യേറിയ ആര്‍.എസ്.എസുകാരുടെ മര്‍ദ്ദനം ഏറ്റു.
1981ല്‍ ശബരിമലയില്‍ മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണന്ന് തെളിയിക്കാനും 1989 ല്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴി ബലി അവസാനിപ്പിക്കുന്നതിനുവേണ്ടിയും നിയമനടപടികള്‍ സ്വീകരിച്ചു, വിജയം കൈവരിച്ചു. 1979 മുതല്‍ 1984 വരെയും 1995 മുതല്‍ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതല്‍ 2005 വരെ പഞ്ചായത്ത് മെമ്പറായും പ്രവര്‍ത്തിച്ചു.
ജനകീയാസൂത്രണ പദ്ധതി കാലത്ത് ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാര്‍ഡ്, ഏറ്റവും നല്ല ഊര്‍ജ്ജ സംരക്ഷണ പൊജക്ടിനുള്ള അവാര്‍ഡ്, ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള ഭാരത് സേവക് അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, എന്‍.സി.മമ്മുട്ടി മാസ്റ്റര്‍ അവാര്‍ഡ്, യുക്തിവിചാരം അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ്, ഡോ.രാഹുലന്‍ മെമ്മോറിയല്‍ അവാര്‍ഡ്, മുത്തഖി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, തിരൂരങ്ങാടി ബ്ലോക്ക് വികസന സമിതി വൈസ് ചെയര്‍മാന്‍, പരപ്പനങ്ങാടി എ.കെ.ജി. ഹോസ്പിറ്റല്‍ ഡയറക്ടര്‍, കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍, ശാസ്ത്രസാഹിത്യ പരിഷത്ത്, പ്രോഗ്രസീവ് ഫോറം തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ചു.
ആത്മാവ് സങ്കല്‍പമോ യാഥാര്‍ത്ഥ്യമോ ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ലാം മതവും യുക്തിവാദവും, ജീവ പരിണാമം, മതനിരപേക്ഷതയും ഏക സിവില്‍കോഡും എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. കോവൂര്‍ ട്രസ്റ്റ് പ്രസിദ്ധീകരിച്ച യുക്തിദര്‍ശനത്തിന്റെയും യുക്തിരേഖയുടെയും ചീഫ് എഡിറ്ററായിരുന്നു. നിരവധി പ്രബന്ധങ്ങള്‍ രചിച്ചു.1995 ല്‍ അദ്ധ്യാപക ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു. 1984 ല്‍ സി.പി.ഐ (എം) അംഗത്വം ഉപേക്ഷിച്ചു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ എം.കെ. ശോഭനയെ ജീവിത പങ്കാളിയാക്കി. ഷമീറാണ് ഏക മകന്‍.