യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങുമെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം
കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബം. ഭാര്യ മറിയാമ്മ ഉമ്മനാണ് ഉമ്മൻ ചാണ്ടിയുടെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ ഈ വിവരം പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ഉമ്മൻ ചാണ്ടി ഇല്ലാത്ത ആദ്യ പൊതുതിരഞ്ഞെടുപ്പാണ് നമ്മൾ ആഭിമുഖീകരിക്കുന്നത്…
അവസാന നാളുകളിൽ പോലും ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി പ്രയത്നിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ നിങ്ങളുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല എന്നറിയാം. ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. ഇത്തവണയും വർഗ്ഗീയ -ഏകാധിപത്യ ശക്തികൾ അധികാരത്തിൽ വന്നാൽ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ട സാഹചര്യമാണ്…
കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന വർഗീയ - കോർപ്പറേറ്റ് ഭരണത്തിനെതിരെയും കേരളത്തിലെ ജനദ്രോഹഭരണത്തിനെതിരെയും ഒരുമിക്കേണ്ട കാലമാണിത്..
ആ ഉത്തരവാദിത്തം എല്ലാ കുടുംബങ്ങളും പ്രത്യേകിച്ച് കോൺഗ്രസ് കുടുംബങ്ങങ്ങളും ഏറ്റെടുക്കണം.
ഈ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് എന്റെ മകൻ
അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. നിലവിൽ പ്രവർത്തന രംഗത്തുണ്ട്.വരും ദിവസങ്ങളിൽ എത്താൻ കഴിയാവുന്ന എല്ലാ ഭവനങ്ങളിലും അദ്ദേഹം എത്തിച്ചേരും.
അതോടൊപ്പം ജീവിതത്തിൽ ആദ്യമായി ഞാനും അനാരോഗ്യം വകവെക്കാതെ പ്രചരണത്തിനായി ഇറങ്ങുകയാണ്.മക്കൾ മറിയ ഉമ്മനും , അച്ചു ഉമ്മനും പ്രചരണപ്രവർത്തനങ്ങളിൽ സജീവമായും ഉണ്ടാകും.
അതൊന്നും ഉമ്മൻചാണ്ടിയ്ക്ക് പകരമാവില്ല എന്നറിയാം.
ഈ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും നമ്മുടെ ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുൽഗാന്ധിയോടൊപ്പവും നിങ്ങൾ ഓരോരുത്തരോടൊപ്പവും ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നറിയിക്കുന്നു.
സ്നേഹപൂർവ്വം
മറിയാമ്മ ഉമ്മൻ