വലിച്ചെറിയപ്പെടാത്ത പ്രകടന പത്രികകള്‍
അഞ്ച് കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകരിച്ച പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പ് പത്രിക രാജ്യത്തിന്റെയും വിവിധ സമൂഹങ്ങളുടെയും ഹൃദയമിടിപ്പാണ് പ്രതിഫലിപ്പിക്കുന്നത്. പാര്‍ട്ടി ഓഫീസിലോ ഏതെങ്കിലും നേതാക്കളുടെ വസതിയിലോ ഇരുന്ന് തമാശ പറഞ്ഞ് തയ്യാറാക്കിയതല്ല ഈ മാനിഫെസ്റ്റോ. കൊടും തണുപ്പും ശീതക്കാറ്റും പെരുമഴയും കൊടും ചൂടും ഉച്ചി മുതല്‍ പാദംവരെ ചുട്ടുപൊള്ളുന്ന താപം താണ്ടിയുള്ള രണ്ട് മഹായാത്രകളില്‍ ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സമൂഹത്തിന്റെ നാനാതുറകളിലുമുള്ള വിദഗ്ധന്മാരുമായി സംവദിച്ചും ഇന്ത്യയെന്ന യാഥാര്‍ത്ഥ്യത്തെ നേരില്‍കണ്ടും കേട്ടും തയ്യാറാക്കിയ ഒരു വലിയ വാഗ്ദാന രേഖയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും മണിപ്പൂര്‍ മുതല്‍ മുംബൈ വരെയും രാഹുല്‍ഗാന്ധി നടത്തിയ ജോഡോ യാത്രയുടെ അനുഭവങ്ങളും യാഥാര്‍ത്ഥ്യങ്ങളുമാണ് ഈ പ്രകടന പത്രികയുടെ ഊടും പാവും നെയ്തത്. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും ആദിവാസി-ദളിത് സമൂഹങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പ്രകടന പത്രിക മൊത്തത്തില്‍ ഇരുപത്തഞ്ച് ഉറപ്പുകളാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ബിജെപി ജയിച്ചാല്‍ വിദേശത്ത് പൂഴ്ത്തിവെച്ച കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന മോദിയുടെ ഗ്യാരണ്ടി പോലെയല്ല കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി. കര്‍ണാടക, തെലങ്കാന, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നല്‍കിയ വാഗ്ദാനം പാലിച്ച സംസ്ഥാന സര്‍ക്കാരുകളുടെ മാതൃകയായിരിക്കും ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുക. നീതിക്കുവേണ്ടി അഞ്ച് ഗ്യാരണ്ടികള്‍ ഉള്‍പ്പെട്ട പ്രകടന പത്രികയുടെ വഴിയും വെളിച്ചവും ജോഡോ യാത്ര തന്നെയാണ്. ഭാഗിദാരി ന്യായ് കിസാന്‍ ന്യായ് ശ്രമിക് യുവ ന്യായ് എന്നീ നീതിക്കുവേണ്ടിയുള്ള പദ്ധതികളെയും പരിപാടികളെയും കവചങ്ങളാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
മോദിയെപ്പോലെ ഒരു വ്യക്തി നല്‍കുന്ന ഉറപ്പുകളല്ല കോണ്‍ഗ്രസ് പ്രകടന പത്രികയുടെ കാതലും കരുത്തും കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ്. സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ദേശസാല്‍ക്കരിച്ച നെഹ്‌റു യുഗത്തിന്റെയും പതിനാല് വന്‍കിട ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുകയും പ്രിവിപെഴ്‌സ് നിര്‍ത്തലാക്കുകയും ചെയ്ത ഇന്ദിരാ കാലത്തിന്റെയും ആധാരശിലകളില്‍ നിന്നാണ് അഞ്ച് നീതി വാഗ്ദാനങ്ങളുടെ ഊര്‍ജ്ജംപ്രവാഹമായി നില്‍ക്കുന്നത്. ഇന്ത്യന്‍ വയലേലകളില്‍ ഹരിത വിപ്ലവം സൃഷ്ടിക്കാനും ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരുടെ ജീവിതം സമ്പുഷ്ടമാക്കിയ ധവള വിപ്ലവം സാധ്യമാക്കിയതും അക്കാലത്തെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഉറപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു. ഗരീബി ഹഠാവോ, ജയ് ജവാന്‍ ജയ് കിസാന്‍ എന്നീ മുദ്രാവാക്യങ്ങള്‍ കാലത്തെയും ജനതയെയും ത്രസിപ്പിക്കുന്നതായിരുന്നു. ഇന്ത്യയുടെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും എക്കാലവും ഭീഷണിയായിരുന്ന അയല്‍രാജ്യത്തെ (പാക്കിസ്ഥാന്‍) നിലയ്ക്ക് നിര്‍ത്തുമെന്ന 1971 ലെ പ്രകടന പത്രികയിലും ഇന്ദിരാഗാന്ധിയുടെ പ്രസംഗങ്ങളിലും നല്‍കിയ ഉറപ്പുകള്‍ 1972 ലെ യുദ്ധത്തിലൂടെ ഇന്ദിരാഗാന്ധി പാലിച്ചു. ഇന്ദിരാഗാന്ധി അന്ന് വിത്തിട്ട സൈനിക സജ്ജീകരണങ്ങളാണ് ഇന്ന് ലോകത്തെ മികച്ച സൈനികശക്തിയായി ഇന്ത്യയെ ഉയര്‍ത്തിയത്. കോണ്‍ഗ്രസ് യുഗത്തിന്റെ കരുതലായിരുന്നു പില്‍ക്കാലത്ത് ബഹിരാകാശ പരീക്ഷണങ്ങളിലും ഇന്ത്യക്ക് മറ്റ് രാഷ്ട്രങ്ങള്‍ക്കൊപ്പം ചിറക് ഉയര്‍ത്തി പറക്കാന്‍ സഹായകമായത്. സ്വാതന്ത്ര്യ സമ്പാദന കാലത്ത് ആയിരം ഡോക്ടര്‍മാരും 32 ആശുപത്രികളും മാത്രമുണ്ടായിരുന്ന ഇന്ത്യയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എയിംസ് വരെയുള്ള ലക്ഷക്കണക്കിന് ചികിത്സാ കേന്ദ്രങ്ങളും ഡോക്ടര്‍മാരെയും സൃഷ്ടിച്ചത് പലകാലങ്ങളായി കോണ്‍ഗ്രസ് പ്രകടന പത്രികയിലൂടെ നല്‍കിയ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലായിരുന്നു. ശാസ്ത്ര-സാങ്കേതിക മേഖലകള്‍ക്കും വിദ്യാഭ്യാസ മേഖലക്കും രാജീവ്ഗാന്ധി നല്‍കിയ ഗ്യാരണ്ടിയുടെ ഫലവും ബലവുമായിരുന്നു ഇന്ത്യയാകെ തലയുയര്‍ത്തി നില്‍ക്കുന്ന ഐഐടി കളും ഐഐഎമ്മുകളും ടെക്‌നോ പാര്‍ക്കുകളും ഐടി പാര്‍ക്കുകളും മറ്റ് ഗവേഷണ പരീക്ഷണ സ്ഥാപനങ്ങളും.
പതിനെട്ടാം തെരഞ്ഞെടുപ്പിന്റെ ചരിത്രമെഴുതുമ്പോള്‍ വിസ്മരിക്കാനാവില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രകടന പത്രിക പിറക്കുകയും അത് പൂര്‍ണമായോ ഭാഗികമായോ നടപ്പാക്കിയതിന്റെ ഫലമാണ് ഇന്ത്യ വിവിധ രംഗങ്ങളില്‍ കൈവരിച്ച ആരോഹണവും കുതിപ്പും. പ്രകടന പത്രികയും ഗ്യാരണ്ടിയുമൊക്കെ ആദ്യം പ്രഖ്യാപിച്ചതും നടപ്പാക്കിയതും കോണ്‍ഗ്രസും അതിന്റെ അഗ്രഗാമികളായ പ്രധാനമന്ത്രിമാരുമായിരുന്നു. യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാ പദ്ധതി, വനാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയ നക്ഷത്രതിളക്കമുള്ള പദ്ധതികള്‍ നടപ്പാക്കിയത് കോണ്‍ഗ്രസിന്റെ 2004 ലെയും 2009 ലെയും പ്രകടന പത്രികകളുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീട് വന്ന മോദി സര്‍ക്കാരിന് പേര് മാറ്റി പകര്‍ത്തിയെഴുതാനും ഇത് സഹായകമായി. പ്രകടന പത്രികകള്‍ മറക്കാനും പൊടികൊണ്ട് മൂടാനും ചിതലരിക്കാനുമുള്ളതല്ല. ഭരിക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ കരാര്‍ രേഖയാണിത്. ജനപ്രിയ പരിപാടികളും പ്രവര്‍ത്തനങ്ങളുമില്ലാത്ത ബിജെപി യുടെ പ്രകടന പത്രിക ജനതയെ ഒന്നിപ്പിക്കാനുള്ളതല്ല, ഭിന്നിപ്പിക്കാനുള്ളതാണ്. അതുകൊണ്ട് ഇന്ത്യന്‍ ജനത അതിനെ തിരസ്‌കരിച്ചേ മതിയാവൂ.