വി സത്യശീലൻ തൊഴിലാളികളെ മുന്നിൽ നിന്ന് നയിച്ച പോരാളി ; കൊടിക്കുന്നിൽ
എഴുകോൺ കശുവണ്ടി മേഖലയിലെ ഐതിഹാസികതൊഴിലാളി സമരങ്ങൾക്കൊപ്പം ചേർത്തുവയ്ക്കാവുന്ന പോരാളികളിലെ മുൻ നിരക്കാരനായിരുന്നു വി സത്യശീലനെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി അനുസ്‌മരിച്ചു. കൊല്ലം ഡിസിസിയും കേരളാ കശുവണ്ടി തൊഴിലാളി കോൺഗ്രസും ചേർന്ന് എഴുകോൺ രാജീവ് ജി ഭവനിൽ നടത്തിയ ഏഴാമത് സത്യശീലൻ അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നിൽ സുരേഷ് എം പി. കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ കൂലി ഗൗരവമുളള ചർച്ചയാക്കി മാറ്റിയത് നായനാർ സർക്കാരിൻ്റെ കാലത്ത് സത്യശീലൻ കാൽനടായായി സെക്രട്ടറിയേറ്റിലേക്ക് നയിച്ച പട്ടിണി മാർച്ചാണ്. പ്രോവിഡൻ്റ്ഫണ്ട് വിഷയത്തിൽ നൂറുകണക്കിന് തൊഴിലാളികളുമായി പാർലമെൻ്റിലേക്ക് രണ്ടു തവണ മാർച്ച് സംഘടിപ്പിച്ചതും സത്യശീലനിലെ സമര പോരാളിയെ അടയാളപ്പെടുത്തുന്നു.
ഇന്ന് ഇടതു സർക്കാരിൻ്റെ മൗനാനുവാദത്തോടെ സ്വകാര്യ മേഖലയിൽ വ്യാപകമായ നിയമനിഷേധം അരങ്ങേറുകയാണെന്നും സുരേഷ് പറഞ്ഞു. കെ. സി രാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സവിൻ സത്യൻ എഴു കോൺ നാരായണൻ, പി. ഹരികുമാർ, ബി. രാജേന്ദ്രൻ നായർ, ജയപ്രകാശ് നാരായണൻ, എസ് സുബാഷ്, ഷാജി നൂറനാട്, വിജയരാജൻ പിളള, കോതേത്ത് ഭാസുരൻ, ബിജു എബ്രഹാം, കെ ബി ഷഹാൽ, ബാബുജി പട്ട ത്താനം, എസ്.എച്ച്. കനകദാസ് എന്നിവർ സംസാരിച്ചു.