ബജറ്റിലുള്ളത് രാഷ്ട്രീയ വിമര്‍ശനങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രമെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഷ്ട്രീയ വിമര്‍ശനങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രമാണ് ബജറ്റിലുള്ളതെന്ന് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് അടുക്കുന്ന അവസരത്തില്‍ രാഷ്ട്രീയ വിമര്‍ശനത്തിനായി ബജറ്റ് ഡോക്യുമെന്റിനെ മാറ്റി. സഭക്കുള്ളിലും സഭക്ക് പുറത്തും പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ നിരവധി അവസരങ്ങളുണ്ട്. രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തി പ്രതിപക്ഷത്തെ വിമര്‍ശിച്ച് ബജറ്റിന്റെ മുഴുവന്‍ പവിത്രതയും സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും സതീശന്‍ ആരോപിച്ചു. യാഥാര്‍ഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ബജറ്റിന്റെ വിശ്വാസ്യത ധനമന്ത്രി തകര്‍ത്തുവെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
പദ്ധതി ചെലവിന്റെ 55.24 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്. ഈ സാമ്പത്തിക ഒന്നരമാസം ബാക്കി നില്‍ക്കെയാണിത്. ലൈഫ് മിഷന്‍ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 717 കോടി പ്രഖ്യാപിച്ചെങ്കിലും 2.76 ശതമാനം മാത്രമാണ് കൊടുത്തത്.
യു.ഡി.എഫ് ഭരണകാലത്ത് കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെ കുറിച്ചാണ് ബജറ്റില്‍ കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത്. വിഴിഞ്ഞം പദ്ധതി 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണെന്ന് പറഞ്ഞ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി. വിഴിഞ്ഞം പദ്ധതി കൂടാതെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടു വന്ന കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നീ പദ്ധതികളെ കുറിച്ച് സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നു.
നെല്ല്, റബര്‍, നാളികേരം, അടക്കം അടക്കം ഏറ്റവും പ്രതിസന്ധി നേരിടന്ന കാര്‍ഷിക മേഖലയെ ബജറ്റ് നിരാശപ്പെടുത്തി. 10 രൂപ റബര്‍ താങ്ങുവില കൂട്ടിക്കൊണ്ട് റബര്‍ കര്‍ഷകരെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്.
അധികാരത്തിലേറിയാല്‍ റബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിക്കുമെന്ന് എല്‍.ഡി.എഫ് മാനിഫെസ്റ്റോയില്‍ ഉള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 10 രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. നിലവിലെ താങ്ങുവിലയായ 170 രൂപ തന്നെ കുടിശികയാണ്. കഴിഞ്ഞ വര്‍ഷം എട്ടര ലക്ഷം പേര്‍ താങ്ങുവില ലഭിക്കാന്‍ അപേക്ഷ കൊടുത്തപ്പോള്‍ ഈ വര്‍ഷം 32,000 പേര്‍ക്ക് മാത്രമാണ് നല്‍കിയത്.