Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ന്നുവെന്ന് വി ഡി സതീശന്‍

11:07 AM Sep 17, 2024 IST | Online Desk
Advertisement

കൊച്ചി: വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര സര്‍ക്കാരിന് കൊടുത്ത മെമ്മോറണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്നലെയാണോ ഇതു കൊടുക്കേണ്ടത്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കണക്കുകളാണ്. എവിടെയാണ് ഇതു തയ്യാറാക്കിയതെന്നും റവന്യു ആണോയെന്നും സതീശന്‍ ചോദിച്ചു. വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ കണക്ക് പുറത്തുവന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സതീശന്‍.

Advertisement

മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്താണ്. എംഎല്‍എയും സന്നദ്ധ പ്രവര്‍ത്തകരുമാണ് ചെയ്തത്. എസ്ഡിആര്‍എഫ് മാനദണ്ഡമനുസരിച്ചല്ല മെമ്മൊറാണ്ടം. ഇതില്‍ വ്യക്തതവരുത്തണം. സര്‍ക്കാറിനൊപ്പമാണ് ഞങ്ങള്‍. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. കിട്ടേണ്ട തുക കൂടി കിട്ടില്ല. സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണം. വലിയ അപാകത ഉണ്ടായി. സര്‍ക്കാരിനെ കുറ്റം പറയാനാണെങ്കില്‍ വേറെ എന്തൊക്കെ ഉണ്ട്. ഇതില്‍ ഒരു സംസ്‌കാരം ഉണ്ടാക്കണം, ദുരന്തമുഖത്ത് ആണ്. സര്‍ക്കാര്‍ പറയട്ടെ. അവര്‍ക്ക് പണം ആവശ്യമുണ്ട്. അഡ്വാന്‍സ് തുക കിട്ടിയിട്ടില്ല. സര്‍ക്കാരിന് ഒരു പരാതിയും ഇല്ല. പിന്നെ ഞങ്ങള്‍ പരാതിയുമായി എങ്ങനെ പോകുമെന്നും വിഡി സതീശന്‍ പറഞ്ഞു.

അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുകയെന്ന പേരില്‍ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും കുറ്റപ്പെടുത്തി.

ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകള്‍ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ആ കണക്കുകളെ, ദുരന്തമേഖലയില്‍ ചെലവഴിച്ച തുക എന്ന തരത്തിലാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച മെമ്മോറാണ്ടം ഹൈക്കോടതിയിലും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടിയെന്ന പ്രചാരണം സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്. വയനാടിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണിതെന്നും ദുരന്തബാധിതര്‍ക്ക് അര്‍ഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി ഇതിനെ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ അഞ്ചാം പേജില്‍ പറയുന്നത് എസ്.ഡി.ആര്‍.എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്‌മെന്റ് ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല ഇതെന്നും കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയുടെ ഏകദേശ കണക്കാണെന്നാണ്. ഒരു ദുരന്തഘട്ടത്തില്‍ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടര്‍ന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ചെലവുകള്‍ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകള്‍ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവര്‍ത്തനവും പുനരധിവാസവും ഉള്‍പ്പെടെ മുന്നില്‍ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്.

Tags :
featuredkeralanewsPolitics
Advertisement
Next Article