VEEKSHANAM EXCLUSIVE: 'ശമ്പളവും പെൻഷനും മുടങ്ങരുത്'; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് കെടിഡിഎഫ്സിയ്ക്ക് കോടികൾ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ഗതാഗത വകുപ്പിന്റെ കീഴിലുള്ള കേരള ട്രാൻസ്പോർട്ട് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന് കോടികൾ അനുവദിച്ച് സർക്കാർ. കേരള ബാങ്കിന്റെ എറണാകുളം, പാലക്കാട് ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും കെഎസ്ആർടിസിക്ക് വേണ്ടി ലഭ്യമാക്കിയ വായ്പയുടെ തിരിച്ചടവിനും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയാണ് 412.50 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കെടിഡിഎഫ്സി മാനേജിംഗ് ഡയറക്ടറുടെ കത്ത് പരിഗണിച്ചാണ് സർക്കാർ ഈ തുക അനുവദിച്ചിരിക്കുന്നത്. ബാധ്യതകൾ തീർക്കപ്പെടുന്ന കെഎസ്ആർടിസിക്ക് കൺസോർഷ്യം ബാങ്കുകളിൽ നിന്ന് 450 കോടി രൂപ വായ്പ സഹായം ലഭ്യമാക്കണമെന്നും അതുവഴി ശമ്പളം, പെൻഷൻ എന്നിവ വിതരണം ചെയ്യുന്നതിനും സർക്കാർ നിർദ്ദേശം ഉണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന്റെ മുഖം മിനുക്കുന്നതിനായി ചെയ്ത പ്രവർത്തിയാണ് ഇതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പെൻഷനും ശമ്പളവും മുടങ്ങുന്നതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ ഏറെക്കാലമായി സംസ്ഥാന സർക്കാരിന് എതിരാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഈ എതിർപ്പ് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വിനയാകും എന്ന് തിരിച്ചറിഞ്ഞ സർക്കാർ പൊടുന്നനെ ഫണ്ട് അനുവദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെയാണ് ഈ നടപടിയെന്നും പലരും ചൂണ്ടിക്കാട്ടുന്നു.