ബി ജെ പി വിരട്ടി : വിജയൻ കുടുംബത്തോടെ മുങ്ങി
* മുഖ്യമന്ത്രിയുടെ 'മുങ്ങല്‍': സിപിഎം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍
* സിപിഎമ്മിന്റെ 'മോദി വിരുദ്ധ' മുഖംമൂടി അഴിയുന്നു
കോഴിക്കോട്: ഏഴു ഘട്ടങ്ങളിലായ് രാജ്യത്തുടനീളം പൊതുതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രണ്ടാംഘട്ടം കഴിഞ്ഞ് വിദേശത്തേക്ക് 'മുങ്ങിയ' പിണറായി വിജയന്‍ സിപിഎമ്മിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്നു. ബിജെപിയുമായുള്ള അടവുനയത്തിന്റെ പേരില്‍ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രിയെ സിപിഎമ്മിന്റെ മറ്റൊരു സംസ്ഥാന ഘടകവും പ്രചാരണത്തിന് വിളിച്ചിരുന്നില്ല; ഇന്ത്യാ മുന്നണിക്കുവേണ്ടി മറ്റിടങ്ങളില്‍ സ്വമേധനാ പ്രചാരണത്തിന് ഇറങ്ങണമെന്ന് കേരള ഘടകത്തില്‍ തന്നെ അഭിപ്രായം ഉണ്ടായിരുന്നെങ്കിലും ബിജെപിയെയും നരേന്ദ്രമോദിയെയും 'വെറുപ്പിക്കാതെ' പിണറായി വിജയന്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
കേരളത്തിന് പുറത്ത് തമിഴ്‌നാട്ടില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായും സമാപിച്ചത്. എന്നാല്‍ മൂന്ന് മുതല്‍ ഏഴു വരെ വിവിധ ഘട്ടങ്ങളിലായി പതിനൊന്നോളം സംസ്ഥാനങ്ങളില്‍ സിപിഎം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു നില്‍ക്കുകയാണ്. ഇവിടങ്ങളില്‍ സിപിഎം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിന് എത്തുമ്പോഴാണ് മുതിര്‍ന്ന പിബി അംഗവും രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ മുങ്ങിനടക്കുന്നത്. പിണറായി വിജയനുമായ് ഒട്ടേറെ തവണ വേദി പങ്കിട്ട അരവിന്ദ് കെജ്‌രിവാളിന്റെ പാര്‍ട്ടിക്കു വേണ്ടിപോലും അദ്ദേഹം പ്രചാരണത്തിന് എത്താതിരുന്നത് ബിജെപിയെയും ഇഡിയെയും ഭയന്നാണെന്ന് വ്യക്തം.
അതേസമയം ചില സംസ്ഥാന ഘടകങ്ങള്‍ പിണറായി വിജയനെ പ്രചാരണത്തിന് വേണ്ടെന്ന നിലപാട് നേരത്തെ കൈക്കൊണ്ടിരുന്നു. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മുര്‍ഷിദാബാദില്‍ മത്സരിച്ച സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം, രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിട്ടുകൊടുത്ത സിക്കാര്‍ സീറ്റില്‍ മത്സരിക്കുന്ന സംസ്ഥാന സെക്രട്ടറി അമ്രാ റാം എന്നിവരാണ് പിണറായിയെ വിളിക്കില്ലെന്ന നിലപാട് ആദ്യം മുതല്‍ സ്വീകരിച്ചത്. രാഹുല്‍ഗാന്ധിക്കെതിരെ പിണറായി നടത്തിയ വിമര്‍ശനവും വിവിധ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ബിജെപിയുമായ് രഹസ്യധാരണ ഉണ്ടാക്കിയെന്ന ആരോപണവുമാണ് ബംഗാള്‍, രാജസ്ഥാന്‍ സിപിഎം ഘടകങ്ങളെ ചൊടിപ്പിച്ചത്. തൊട്ടടുത്ത തമിഴ്‌നാട് ഘടകവും പിണറായിയെ പ്രചരണത്തിന് വിളിച്ചിരുന്നില്ല.
എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. ബീഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര, ഒഡീഷ, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ സിപിഎം കോണ്‍ഗ്രസ് മുന്നണിയുമായ് ചേര്‍ന്നു നില്‍ക്കുകയാണ്. മഹാരാഷ്ട്രയില്‍ എന്‍സിപിയും ഝാര്‍ഖണ്ഡില്‍ ജെഎംഎമ്മും ഡല്‍ഹിയില്‍ എഎപിയും ബീഹാറില്‍ ആര്‍ജെഡിയും ഇടതുപാര്‍ട്ടികളും യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയും മത്സരിക്കുന്ന സീറ്റുകളില്‍ ഇന്ത്യാ മുന്നണിക്കുവേണ്ടി കേരള മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രധാന നേതാക്കള്‍ പ്രചാരണത്തിന് എത്തുമെന്ന് പാര്‍ട്ടികള്‍ തമ്മില്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇവിടങ്ങിലെല്ലാം മോദിക്കെതിരെ പ്രസംഗിക്കേണ്ടതിനാല്‍ പിണറായി വിജയന്‍ തലയൂരുകയായിരുന്നു. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുമ്പോഴാണ് കേരള മുഖ്യമന്ത്രി മാത്രം ബിജെപിയെ ഭയന്ന് ഒളിച്ചോടിയത്. കോണ്‍ഗ്രസുമായ് നേരിട്ട് ഏറ്റുമുട്ടുന്ന പഞ്ചാബിലെ മുഖ്യമന്ത്രി പോലും സംസ്ഥാനത്തിന് പുറത്ത് പല മണ്ഡലങ്ങളിലും ഇന്ത്യാ സഖ്യത്തിന് വേണ്ടി പ്രചാരണം നടത്തുന്നുണ്ട്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 'ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ' എന്ന മുദ്രാവാക്യവുമായ് പത്രങ്ങളിലുള്‍പ്പെടെ പിണറായി വിജയന്റെ മുഖംവെച്ച് പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാരുടെ പടംപോലും വെക്കാതെ പിണറായിയെ മാത്രം ഉയര്‍ത്തിക്കാട്ടുകയായിരുന്നു പരസ്യത്തിന്റെ ലക്ഷ്യം. എന്നാല്‍ അങ്ങനെ ദേശീയ 'പ്രതിച്ഛായ' വരുത്തിയ ഒരാള്‍ എന്തുകൊണ്ട് കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബാക്കി അഞ്ചുഘട്ടത്തെയും അവഗണിച്ച് നാടുവിട്ടു എന്ന ചോദ്യം സിപിഎമ്മിനെ ഉത്തരംമുട്ടിക്കുകയാണ്. കേരളത്തിലെ പാര്‍ട്ടിയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന നടപടിയാണ് വിജയന്റെ സ്വകാര്യ ടൂര്‍ ഉണ്ടാക്കിയതെന്ന് പാര്‍ട്ടി നേതാക്കളും രഹസ്യമായ് സമ്മതിക്കുന്നു.