വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ രൂക്ഷ പ്രതികരണവുമായി വിജേന്ദര്‍ സിങ്
പാരിസ്: അധികഭാരത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യയുടെ മുന്‍ ബോക്‌സിങ് താരവും 2008ലെ ബെയ്ജിങ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ്. ഇത് ഇന്ത്യക്കും രാജ്യത്തെ ഗുസ്തി താരങ്ങള്‍ക്കുമെതിരായ വന്‍ ഗൂഢാലോചനയാണെന്ന് വിജേന്ദര്‍ ആരോപിച്ചു. ആര്‍ക്കൊക്കെയോ പ്രശ്നങ്ങളുണ്ടായെന്നും അതിനാലാണ് അയോഗ്യയാക്കാനുള്ള നടപടി സ്വീകരിച്ചതെന്നും എനിക്ക് തോന്നുന്നു. 100 ഗ്രാം കുറക്കാന്‍ അവള്‍ക്ക് അവസരം ലഭിക്കേണ്ടതായിരുന്നുവെന്നും വിജേന്ദര്‍ കൂട്ടിച്ചേര്‍ത്തു.
'ഇന്ത്യക്കും രാജ്യത്തെ ഗുസ്തി താരങ്ങള്‍ക്കുമെതിരായ വലിയ ഗൂഢാലോചനയാണിത്. അവളുടെ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നു. ചിലര്‍ക്ക് ആ സന്തോഷം ദഹിച്ചിട്ടുണ്ടാവില്ല. ഒരു രാത്രികൊണ്ട് നമുക്ക് അഞ്ച് മുതല്‍ ആറ് കിലോഗ്രാം വരെ കുറക്കാം, അപ്പോള്‍ 100 ഗ്രാമിന് എന്താണ് പ്രശ്‌നം. ആര്‍ക്കൊക്കെയോ പ്രശ്നങ്ങളുണ്ടായെന്നും അതിനാലാണ് അയോഗ്യയാക്കാനുള്ള നടപടി സ്വീകരിച്ചതെന്നും എനിക്ക് തോന്നുന്നു. 100 ഗ്രാം കുറക്കാന്‍ അവള്‍ക്ക് അവസരം ലഭിക്കേണ്ടതായിരുന്നു. ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുള്ള ഞാന്‍ ഇതുവരെ ഇങ്ങനെയൊന്നും കണ്ടിട്ടില്ല' -വിജേന്ദര്‍ ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തിനായി ബോക്‌സിങ്ങില്‍ ആദ്യമായി മെഡല്‍ നേടിയ താരമാണ് വിജേന്ദര്‍.
ഗുസ്തിയില്‍ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗം പ്രീ-ക്വാര്‍ട്ടറില്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെയടക്കം വീഴ്ത്തി ഫൈനലിലേക്ക് കുതിച്ച വിനേഷിലൂടെ ഒരിക്കല്‍ കൂടി ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ഇന്ത്യയിലെത്തുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാല്‍, 100 ഗ്രാം അധിക തൂക്കത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതോടെ സ്വര്‍ണത്തിനായുള്ള കാത്തിരിപ്പും സ്വപ്‌നങ്ങളും വീണുടയുകയായിരുന്നു.
ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നതടക്കമുള്ള പരാതികളുയര്‍ന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനും കൂട്ടാളികള്‍ക്കുമെതിരെ തെരുവിലിറങ്ങി സമരം ചെയ്ത വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക്‌സിലെ ഫൈനല്‍ പ്രവേശം രാജ്യം ആഘോഷമാക്കിയതായിരുന്നു. മാസങ്ങള്‍ നീണ്ട സമരത്തിനിടെ ഡല്‍ഹിയിലെ തെരുവില്‍ വലിച്ചിഴക്കപ്പെടുകയും സമാനതകളില്ലാത്ത അപമാനത്തിനിരയാകുകയും ചെയ്ത വിനേഷിന്റെ ഒളിമ്പിക്‌സിലെ ഉജ്വല പ്രകടനം പലര്‍ക്കുമുള്ള മറുപടിയായി കൂടി വിലയിരുത്തപ്പെടുന്നതിനിടെയാണ് ഭാരപരിശോധനയില്‍ പരാജയപ്പെട്ട് താരം പുറത്താകുന്നത്.