വെള്ളി മെഡലിനായുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീലിന്റെ വിധി ഇന്ന്
പാരിസ് :ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിന് മുമ്പ് ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കപ്പെട്ടതിനെതിരെ അപ്പീല്‍ നല്‍കിയ വിനേഷ് ഫോഗട്ടിന്റെ വിധി ഇന്ന്. വെള്ളി മെഡല്‍ നല്‍കണമെന്നാണ് താരം അപ്പീല് ചെയ്തത്. ഫൈനലില്‍ എത്തിയതിന് ശേഷമാണ് അയോഗ്യയാക്കപ്പെട്ടത് അതിനാല്‍ വെള്ളിക്ക് അര്‍ഹമാണെന്നാണ് വിനേഷിന്റെ വാദം. വനിതകളുടെ 50 കിലോ ഫ്രീസറ്റൈല്‍ ഗുസ്തിയിലാണ് താരം ഫൈനലിന് മുമ്പ് അയോഗ്യയാക്കപ്പെട്ടത്. 100 ഗ്രാമായിരുന്നു വിനേഷിന് കൂടുതലായുണ്ടായത്.
അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ഗുസ്തിയില്‍ നിന്നും വിനേഷ് വിരമിച്ചിരുന്നു. എന്നാല്‍ ആ വെള്ളി തനിക്ക് അര്‍ഹതപ്പെട്ടാതാണെന്ന് താരം വിശ്വസിക്കുന്നു. യുസെനിലിസ് ഗുസ്മാന്‍ ലോപ്പസാണ് നിലവില്‍ വെള്ളി മെഡല്‍ നേടിയിരിക്കുന്നത്. വിനേഷ് സെമിയില്‍ ലോപസിനെ തോല്‍പ്പിച്ചിരുന്നു. വിനേഷിന്റെ അപ്പീല്‍ വിജയിക്കുകയാണെങ്കില്‍ രണ്ട് പേര്‍ വെള്ളി മെഡല്‍ സ്വന്തമാക്കും. അതേസമയം പാരിസ് ഒളിമ്പിക്‌സ് അവസാനിച്ചപ്പോള്‍ ആറ് മെഡലോടെ 71-ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യന്‍ സംഘത്തിന്റെ നേട്ടം.