ഉത്തേജകചട്ടലംഘനം; ഇന്ത്യയുടെ പാരാലിമ്പിക്‌സിൽ ചാമ്പ്യൻ പ്രമോദ് ഭഗത്തിന് വിലക്ക്
പാരീസ്: ഉത്തേജക വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇന്ത്യയുടെ പാരാലിമ്പിക്‌സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് വിലക്കേര്‍പ്പെടുത്തി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍. 18 മാസത്തേക്കാണ് വിലക്ക്. ഇതോടെ താരത്തിന് പാരീസ് പാരാലിമ്പിക്‌സ് നഷ്ടമാകും. ടോക്യോ പാരാലിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ സ്വര്‍ണ മെഡല്‍ ജേതാവാണ് പ്രമോദ്.
താരം 12 മാസത്തിനിടെ മൂന്ന് തവണ ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതായി 2024 മാര്‍ച്ച് ഒന്നിന് അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ ഉത്തേജക വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെതിരേ ജൂലായ് 29-ാം തീയതി പ്രമോദ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ പ്രമോദിനെതിരേ നടപടിയെടുത്തിരിക്കുന്നത്.
ടോക്യോ പാരാലിമ്പിക്‌സില്‍ എസ്.എല്‍ 3 വിഭാഗത്തിലാണ് പ്രമോദ് ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നത്. പാരാലിമ്പിക് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടംകൂടിയായിരുന്നു ഇത്.