രണ്ടാം വട്ടവും എക്സിറ്റ് പോളിനെ തോൽപ്പിച്ച് വികെ ശ്രീകണ്ഠൻ; ഭൂരിപക്ഷം മുക്കാൽ ലക്ഷത്തിലേക്ക് കടക്കുന്നു
പാലക്കാട്: 2019ന് സമാനമായി എക്സിറ്റ്പോൾ ഫലങ്ങളെ നിഷ്പ്രഭമാക്കുന്ന വിജയ കുതിപ്പുമായി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠൻ. ശ്രീകണ്ഠന്റെ മുന്നേറ്റം മുക്കാൽ ലക്ഷം കടന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും കോൺഗ്രസ് നേതാക്കൾ പോലും വിജയപ്രതീക്ഷ കൈവിട്ട പാലക്കാട് മണ്ഡലത്തെ 10000 ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിനെ മലർത്തിയടിച്ചാണ് ശ്രീകണ്ഠൻ തന്റെ വരവറിയിച്ചതെങ്കിൽ. ഇത്തവണ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ പാലക്കാട് എംപിയുമായ എം വിജയരാഘവനെ മുക്കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോൽപ്പിച്ചത്.
ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ്പോൾ ഫലങ്ങളിൽ ഒട്ടുമിക്ക പ്രവചനങ്ങളും പാലക്കാട് വികെ ശ്രീകണ്ഠൻ പരാജയപ്പെടും എന്ന തരത്തിലുള്ളതായിരുന്നു. അതിനെയെല്ലാം വകഞ്ഞു മാറ്റി ഭൂരിപക്ഷം വർദ്ധിപ്പിച്ച് കേറിവരുന്ന വി കെ ശ്രീകണ്ഠന്റെ കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാണാൻ കഴിയുന്നത്.