'രാഹുലേട്ടന്റെ എക്സാമും ഞങ്ങൾ പാസാക്കും'
പാലക്കാട് : ഞായറാഴ്ച ദിവസം രാവിലെ പാലക്കാട് സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻ കത്തീഡ്രലിൽ എത്തിയതായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ദേവാലയത്തിലെത്തിയവർ രാഹുലിനെ സ്നേഹത്തോടെ വരവേറ്റു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകണമെന്ന് ചിലർ രാഹുലിനോട് പറഞ്ഞു. ഒപ്പം ഉണ്ടാകുമെന്നും പാലക്കാടിന്റെ വികസനത്തിന് തുടർച്ച നൽകുമെന്നും രാഹുൽ ഉറപ്പുനൽകി. സ്ഥാനാർഥി കത്തീഡ്രൽ ഭാരവാഹികളോട് സംസാരിക്കുകയും പിന്തുണ തേടുകയും ദേവാലയത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. ഇതേസമയം, ഒരുകൂട്ടം കുട്ടികൾ ദേവാലയത്തിലെ തന്നെ ഒരു പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. കുട്ടികളെ കണ്ടതും അവർക്ക് അടുത്തെത്തിയ രാഹുൽ 'നന്നായി പരീക്ഷയെഴുതി പാസാകണെ…' എന്ന ആശംസ നൽകി. ഇത് കേട്ട കുട്ടികൾ 'രാഹുലേട്ടനെ ഇലക്ഷൻ പരീക്ഷയിലും പാസാക്കുമെന്ന' മറുപടിയും നൽകി. കുട്ടികളുമായി കുറച്ചുനേരം ചെലവഴിച്ച ശേഷം സെൽഫിയും പകർത്തിയ ശേഷമാണ് രാഹുൽ മടങ്ങിയത്.