റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ശ്രമിക്കും: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നജീബ് കാന്തപുരം എംഎല്‍എയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തി നടക്കുന്ന റോഡുകളിലും, പ്രവര്‍ത്തി വിവിധ കാരണങ്ങളാല്‍ തടസപ്പെട്ട റോഡുകളിലും യൂട്ടിലിറ്റി പ്രവര്‍ത്തി നടക്കുന്ന ചില റോഡുകളിലും, കോടതി വ്യവഹാരവും മറ്റുമുള്ള റോഡുകളിലും ചില ബുദ്ധിമുട്ടുകളുണ്ട്. റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ശാസ്ത്രീയ മാര്‍ഗങ്ങളാണ് അവലംബിച്ചുവരുന്നതെന്നും ഡിഫക്ട് ലയബിലിറ്റി പീര്യഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ നിരീക്ഷണത്തിന് എം.എല്‍.എമാര്‍ക്കുകൂടി അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ 2.35 ലക്ഷം കിലോമീറ്റര്‍ റോഡാണുള്ളത്. അതില്‍ 29522 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡും 1.96 ലക്ഷം തദ്ദേശവകുപ്പിനു കീഴിലുമാണ്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനുകീഴില്‍ 24376 കിലോമീറ്റര്‍ റോഡാണുള്ളത്.
4783 കിലോമീറ്റര്‍ പരിപാലന കാലാവധി (ഡിഎല്‍പി)യിലും 19908 കിലോമീറ്റര്‍ റോഡ് റണ്ണിങ് കോണ്‍ട്രാക്ട് പരിധിയിലുമാണ്. 824 കോടി രൂപയാണ് റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിപാലനത്തിനു മാത്രമായി ഭരണാനുമതി നല്‍കിയത്. 16850 കിലോമീറ്ററോളം ബി.എം.ബി.സി നിലവാരത്തില്‍ പണിതുകഴിഞ്ഞു. അഞ്ചുവര്‍ഷംകൊണ്ട് പകുതി റോഡുകള്‍ ഈ നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും മൂന്നുവര്‍ഷംകൊണ്ട് ലക്ഷ്യം നേടാനായി. വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെയാണ് റോഡുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
നിരത്ത് വിഭാഗത്തിനു കീഴില്‍ 1835 കിലോമീറ്ററും കെ.ആര്‍.എഫ്.ബിക്കു കീഴില്‍ 1120 കിലോമീറ്ററും കെ.എസ്.ടി.പിക്കു കീഴില്‍ 737.74 കിലോമീറ്ററും പ്രവര്‍ത്തി നടന്നുവരികയാണ്. ഇത്തരത്തില്‍ പ്രവര്‍ത്തി പുരോഗമിക്കുന്ന 4095 കിലോമീറ്റര്‍ വരും വര്‍ഷങ്ങളില്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ഇതില്‍ ഭൂരിഭാഗവും ഡിസൈന്‍ഡ് റോഡുകളായാണ് നിലവാരം ഉയര്‍ത്തുന്നത്. പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ പെരുമ്പിലാവ് നിലമ്പൂര്‍ റോഡിന്റെ നിര്‍മാണത്തിലെ അപാകതകള്‍ മൂലം കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി എടുത്തതിനെ തുടര്‍ന്ന് കരാറുകാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ് വിഷയമെന്ന് മന്ത്രി പറഞ്ഞു.
പണിനടക്കുന്ന ദേശീയപാതയില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ദേശീയപാത അതോറിട്ടി അധികൃതരുടെ യോഗം വിളിച്ച് നടപടികള്‍ കാര്യക്ഷമവും വേഗത്തിലും ആക്കിയിട്ടുണ്ട്. ഏറെ പരാതികളുയര്‍ന്ന് തൃശൂര്‍- കുറ്റിപ്പുറം റോഡിന്റെ കാര്യത്തിലുള്‍പ്പെടെ കഴിഞ്ഞയാഴ്ച ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് പരിഹാര നടപടികള്‍ വേഗത്തിലാക്കിക്കഴിഞ്ഞു. ഓരോ റോഡിന്റെ കാര്യത്തിലും ഇത്തരത്തില്‍ കാര്യക്ഷമമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിവരുന്നത്.കുടിവെള്ള വിതരണത്തിന് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനായി റോഡുകള്‍ മുറിക്കേണ്ടിവരുന്നുണ്ട്. ഇത്തരത്തില്‍ റോഡുകള്‍ മുറിച്ചശേഷം മറ്റുവകുപ്പുകള്‍ നടത്തുന്ന പുനഃസ്ഥാപന നടപടികള്‍ പലപ്പോഴും ഫലവത്താകാറില്ല. ബി.എം.ബി.സി നിലവാരത്തിലുള്ള റോഡുകളില്‍ പ്രത്യേകിച്ചും. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ മുറിക്കുന്ന റോഡുകളില്‍ സാധിക്കുന്നവയുടെ പുനഃസ്ഥാപനം പൊതുമരാമത്ത് വകുപ്പ്തന്നെ ചെയ്യാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.