ഹൈദരബാദും രാജസ്ഥാനും ഏറ്റുമുട്ടുമ്പോൾ ഫൈനൽ ആർക്കൊപ്പം?
ഐപിഎൽ ക്വാളിഫയര്‍ രണ്ടില്‍ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുമ്പോള്‍ വിജയം ആർക്കൊപ്പമെന്നത് പ്രവചനാതീതമാണ്. ഹൈദരബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിര രാജസ്ഥാനുമുന്നിൽ അടിപതറിയില്ലെങ്കിൽ ഫൈനൽ മത്സരത്തിനുള്ള ഊഴം ഹൈദരബാദിന് ഉറപ്പിക്കാം. ഹൈദരബാദും രാജസ്ഥാനും മോശമല്ലാത്ത ബാറ്റിംഗ് നിരയുള്ള ടീമാണ്. ഹൈദരാബാദില്‍ മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരായിരിക്കും നോട്ടപ്പുള്ളികള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരെ ആത്മവിശ്വാസത്തോടെ പോരാടിയ റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സഞ്ജു സാംസണ്‍ എന്നിവരെയാകും രാജസ്ഥാൻ റോയല്സിൽ പേടിക്കേണ്ടി വരിക.
ഹൈദരാബാദ് അവരുടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് എട്ടു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആകട്ടെ എലിമിനേറ്റര്‍ റൗണ്ടില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തില്‍ ഹൈദരാബാദിന്റെ ബാറ്റിങ് നിര ശരിക്കും തളര്‍ന്നു പോയി. രാഹുല്‍ ത്രിപാതി മാത്രമാണ് ഭേദപ്പെട്ട കളി പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ അര്‍ദ്ധ സെഞ്ച്വറിയില്ലെങ്കില്‍ 159 എന്ന സ്‌കോർ പോലും എത്തിക്കാന്‍ അവര്‍ക്കാകില്ലായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയാകട്ടെ ഈ സ്‌കോര്‍ അനായാസം മറികടക്കുക മാത്രമല്ല നേരിട്ട് ഫൈനല്‍ പ്രവേശനവും ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയാല്‍ നിലവിലെ ഫോം വെച്ച് അതിനെ മറികടക്കനാകില്ല. രാജസ്ഥാന്റെ ബാറ്റിംഗ് നിരയെയും ബൗളര്‍മാരെയും തളർത്താനായാൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഫൈനല്‍ എളുപ്പമാകും.