വിലക്കപ്പെട്ടവരും വെറുക്കപ്പെട്ടവരും പാര്‍ട്ടിയെ വിഴുങ്ങുമ്പോള്‍; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
വിലക്കപ്പെട്ടവരും വെറുക്കപ്പെട്ടവരുമായി പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു തരത്തിലുള്ള സൗഹാര്‍ദ്ദമോ ബിസിനസ്സ്, പണമിടപാടുകളോ ഓഹരി പങ്കാളിത്തമോ ഉണ്ടാകരുതെന്ന് തെറ്റുതിരുത്തല്‍ 'കല്‍പനകളി' ലൂടെ അണികളെ ഉദ്‌ബോധിപ്പിച്ച പാര്‍ട്ടിയാണ് സിപിഎം. തെറ്റുതിരുത്തല്‍ പ്രക്രിയക്ക് പ്രേരിപ്പിക്കുന്ന പ്ലീനവും മറന്നു, രേഖയും വലിച്ചുകീറി കോര്‍പ്പറേറ്റുകറുടെയും പണച്ചാക്കുകളുടെയും മാത്രമല്ല രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകളുടെയും ഇഷ്ടതോഴന്‍മാരായി വളരുകയും വികസിക്കുകയുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. പാര്‍ട്ടി പ്ലീനം എന്നു പറഞ്ഞാല്‍ അസാധാരണവും അപൂര്‍വവുമായ സംഘടനാ പരിപാടിയാണ്. ഒരു പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലയളവിലുണ്ടാകുന്ന അസാധാരണവും ഗുരുതരവുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്ലീനം സംഘടിപ്പിക്കാറുള്ളത്.
ഇതനുസരിച്ചായിരുന്നു 37 വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ഡിസംബറില്‍ പാലക്കാട് പാര്‍ട്ടി പ്ലീനം ചേര്‍ന്നത്. ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ തകര്‍ച്ചയും പാര്‍ട്ടി നതാക്കളിലും അണികളിലും വളര്‍ന്നു വരുന്ന ആഡംബര മുതലാളിത്ത ജീവിത രീതികളും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഇല്ലായ്മയും പലതരം മാഫിയകളുമായുള്ള സൗഹാര്‍ദ്ദ- സാമ്പത്തിക ബന്ധങ്ങളും പ്ലീനം ചര്‍ച്ച ചെയ്തു. ബൂര്‍ഷ്വാ വര്‍ഗത്തിന്റെ സുഖലോലുപത, വിലപിടിപ്പുള്ള വീടുകളോടും വാഹനങ്ങളോടും വസ്ത്രങ്ങളോടും കാണിക്കുന്ന ആര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹത്തിന്റെയും മറ്റു ആഘോഷങ്ങളുടെയും പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന മുതലാളിത്ത സഹജമായ ആര്‍ഭാടങ്ങള്‍, സ്വകാര്യ സ്വത്തു സമ്പാദനം എന്നിവ പ്ലീനത്തിന്റെ വിമര്‍ശനത്തിനും വിവാദത്തിനും വിധേയമായി. സാധാരണക്കാരില്‍ നിന്നു അകന്നു പോയ പാര്‍ട്ടി ഇടത്തരക്കാരുടെയും മുതലാളിമാരുടെയും കുത്തകകളുടെയും പ്രസ്ഥാനമായി മാറുന്നത് തൊഴിലാളി വര്‍ഗം വേദനയോടെയാണ് കാണുന്നതെന്ന് പ്ലീനത്തിന്റെ ചര്‍ച്ചകള്‍ പിന്നീട് ഒന്നൊന്നായി പുറത്തു വന്നു. 1978ലെ സാല്‍ക്കിയ പ്ലീനം നടക്കുമ്പോള്‍ കുതിപ്പിന്റെ പാതയിലായിരുന്ന സിപിഎം 2013 പാലക്കാട് പ്ലീനം നടക്കുമ്പോള്‍ ആസന്ന മരണത്തിന്റെ പാളത്തിലായിരുന്നു. പാലക്കാട് പ്ലീനം സംഘടിപ്പിച്ചവരും തെറ്റുതിരുത്തല്‍ രേഖകള്‍ തയ്യാറാക്കിയവരും അതിന്റെ ഘാതകരായി തീരുകയായിരുന്നു.
കേരള നേതാക്കളുടെ ചങ്ങാത്ത മുതലാളിത്വത്തിന്റെ ഉപജ്ഞാതാക്കളും ഉപഭോക്താക്കളുമായി മാറുകയായിരുന്നു. ലോട്ടറി മാഫിയ തലവന്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പാര്‍ട്ടി പത്രത്തനായി രണ്ടു കോടി വാങ്ങിയ പത്രത്തിന്റെ അന്നത്തെ ജനറല്‍ മാനേജറായിരുന്ന ഇ പി ജയരാജന്‍ പ്രതിക്കൂട്ടിലായി. പാലക്കാട്ടെ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനില്‍ നിന്നും പാര്‍ട്ടി പത്ര പരസ്യവും ആശംസകളും സ്വീകരിച്ചത് പാര്‍ട്ടിയെ നാണക്കേടിലാക്കി. മറ്റൊരു വിവാദ വ്യവസായിയായ ഫാരിസ് അബൂബക്കറുമായുള്ള അധമ ചങ്ങാത്തം പാര്‍ട്ടിക്ക് ദുഷ്‌പേരുണ്ടാക്കി. വ്യവസായിയും ബിജെപിയുടെ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരനുമായി ജയരാജന്റെ ഭാര്യക്ക് പങ്കാളിത്തമുള്ള കമ്പനിയുമായി വ്യവസായ ബന്ധം സിപിഎമ്മിനെ വെട്ടിലാക്കി. മാസപ്പടി വിവാദത്തില്‍ കരിമണല്‍ രാജാവ് ശശിധരന്‍ കര്‍ത്തായുടെയും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെയും ബന്ധം പാര്‍ട്ടിയെ പിടിച്ചു കുലുക്കിയിട്ടും ഭരണകൂടവും പാര്‍ട്ടിയും വീണയ്ക്ക് വീണമീട്ടുകയായിരുന്നു. വിലക്കപ്പെട്ടവരും വെറുക്കപ്പെട്ടവരുമായുള്ള ബന്ധം ഒടുവില്‍ ഇ പി ജയരാജനെ എത്തിച്ചിരിക്കുന്നത് ആര്‍എസ്എസ് കാര്യാലയത്തിലാണ്.
മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ സമുന്നത നേതാവുമായ പ്രകാശ് ജാവേദ്ക്കറുമായി ഇ പി നടത്തിയ കൂറുമാറ്റ ചര്‍ച്ച സിപിഎം അണികളെ രോഷം കൊള്ളിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അസുഖം കാരണം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവധിയെടുത്തപ്പോളും കാല്‍ക്കാലിക സെക്രട്ടറിയായി എ വിജയരാഘവനെയും പിന്നീട് സ്ഥിരം സെക്രട്ടറിയായി എം വി ഗോവിന്ദനെയും നിശ്ചയിച്ചപ്പോള്‍ അവരേക്കാള്‍ സീനിയറായ തന്നെ അവഗണിച്ചത് ഇ പിക്ക് സഹിക്കാവുന്നതായിരുന്നില്ല. ഇനി സിപിഎമ്മില്‍ തനിക്ക് ഭാവിയില്ലെന്ന് മനസ്സിലാക്കിയ ഇ പി ബിജെപിയില്‍ കൂടേറാനാണ് ശ്രമിച്ചത്. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോള്‍ പി ജയരാജന്‍ അഴിച്ചുവിട്ട വേട്ടപ്പട്ടികള്‍ ഇപിക്കെതിരെ കുരച്ചു ചാടി. മതില്‍ചാടിയാല്‍ മരണം തീര്‍ച്ചയെന്ന് ബോധ്യമായപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞു. പിന്നീട് മാസങ്ങളോളമായി സിപിഎമ്മിനകത്ത് പൊട്ടലും ചീറ്റലും തുടരുകയായിരുന്നു. മനുഷ്യനീതിക്കും മാനവിതകക്കും വേണ്ടി നിലകൊണ്ടിരുന്ന പാര്‍ട്ടിയുടെ അധഃപതനം അണികളെ വല്ലാതെ തളര്‍ത്തുന്നു.
1964ന് ശേഷം സിപിഎം കേരള രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും നടന്നു തീര്‍ത്ത വഴികള്‍ ചെറുതല്ലായിരുന്നു. അതിനെയൊക്കെ വിസ്മരിച്ചും ത്യാഗത്തിന്റെ പൈതൃകം തിരസ്‌കരിച്ചുമാണ് അപ്രഭ്രംശ യാത്ര തുടരുന്നത്. കമ്യൂണിസ്റ്റുകാര്‍ പുതിയ കാര്യങ്ങള്‍ ചെയ്യുമെന്നും ജനങ്ങളുടെ പണം തട്ടിയെടുക്കില്ലെന്നും മുതലാളിത്തവുമായി ഒത്തുകളിക്കില്ലെന്നും സ്വന്തം പിതാവിനോ മാതാവിനെ ദൈവത്തിനോ തെറ്റിയാല്‍ പോലും പാര്‍ട്ടിക്ക് തെറ്റില്ലെന്ന് വിശ്വസിച്ചിരുന്നവരെയാണ് സിപിഎം വഞ്ചിച്ചിരിക്കുന്നതെന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ള പോലുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.