For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഒരു മരുന്നും ഏല്‍ക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

10:50 AM Apr 18, 2024 IST | Online Desk
ഒരു മരുന്നും ഏല്‍ക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി  ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
Advertisement

ഒരു മരുന്നും ഏല്‍ക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി എന്നത് നാടന്‍ മരുന്നിന്റെ പരസ്യമാണ്. തൃശൂര്‍ ജില്ലയിലും പരിസരങ്ങളിലും ഈ പരസ്യം വ്യാപകമായിരുന്നു. കെ കരുണാകരന്‍ പലപ്പോഴും തന്റെ പ്രസംഗത്തില്‍ ഈ വാചകം ഉദ്ധരിക്കാറുണ്ട്. ശസ്ത്രക്രിയ കൂടാതെ മൂലക്കുരു ഭേദപ്പെടുത്താം, ആണി രോഗം ഭേദപ്പെടുത്താം തുടങ്ങിയവ സമാനമായ ചുമര്‍ പരസ്യങ്ങളായിരുന്നു.

Advertisement

ബസ് സ്റ്റാന്റുകളിലെയും റെയില്‍വെ സ്റ്റേഷനുകളിലെയും ശുചിമുറി, സാമൂഹ്യവിരുദ്ധര്‍ മേയുന്ന നഗരങ്ങളിലെ ഇടുങ്ങിയ തെരുവകള്‍ എന്നിവടങ്ങളിലെ ചുമരുകളിലാണ് ഇത്തരം പരസ്യങ്ങള്‍ വ്യാപകമായി കണ്ടിരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണം ചൂടുപിടിക്കുമ്പോഴാണ് പെട്ടെന്നൊരു ഇടിവാള്‍ വെട്ടി വീണത്. ഭൂമിയിലാരും നിനച്ചിരിക്കാത്ത സമയത്താണ് പാലക്കാട് എംഎല്‍ എ ഷാഫി പറമ്പിലിനെ എഐസിസി വടകര സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനം യുഡിഎഫില്‍ അത്ഭുതമാണ് സൃഷ്ടിച്ചതെങ്കില്‍ എല്‍ഡിഎഫില്‍ അതുണ്ടാക്കിയ അങ്കലാപ്പ് ഏറെ വലുതായിരുന്നു. ഷാഫി വടകരയില്‍ കാല് കുത്തിയ നിമിഷം തേന്‍കുടിനെ പൊതിയുന്ന തേനീച്ചകളെപ്പോലെ ആള്‍ക്കൂട്ടം ഷാഫിക്ക് പിന്നാലെ കൂടിയിട്ട് ദിവസങ്ങളേറെയായി.

പത്രവാര്‍ത്ത മാത്രം കണ്ടുകൊണ്ടെത്തിയ ആയിരങ്ങളായിരുന്നു ആദ്യ ദിവസത്തെ വരവേല്‍പ്പിനെത്തിയത്. പിറ്റേന്ന് നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റഇ രൂപീകരണ യോഗം ഒരു മഹാ സമ്മേളനത്തിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്. പിന്നീട് ഷാഫി ചെന്നിടങ്ങളിലെല്ലാം ചെറുപ്പക്കാര്‍ നിലം തൊടാതെ അദ്ദേഹത്തെ തോളിലേറ്റുകയായിരുന്നു. ഷാഫിയെ കിട്ടാനുള്ള ഊഴത്തിനായി കോണ്‍ഗ്രസുകാരും ലീഗുകാരും ആര്‍എംപിക്കാരും മത്സരിക്കുകയായിരുന്നു. നാടന്‍ ചായക്കടകളില്‍, മാര്‍ക്കറ്റുകളില്‍, ക്യാംപസുകളില്‍ പള്ളികളില്‍, ക്ഷേത്ര നടകളില്‍ മരണവീടുകളില്‍, കുടിലുകളില്‍, കോളനികളില്‍, ഫഌറ്റുകളില്‍, കല്ല്യാണ് വീടുകളില്‍, ഇഫ്താറുകളില്‍ എല്ലായിടങ്ങളിലും ഷാഫിയും നൂറുകണക്കിന് അനുഗാമികളും നിറയുകയായിരുന്നു. ഷാഫി കൊയിലാണ്ടിയിലെത്തുമ്പോള്‍ കൊയിലാണ്ടി വടകരയായി മാറുന്നു. ഷാഫി നാദാപുരത്തെത്തുമ്പോള്‍ വടകര മുഴുവന്‍ പിന്നാലെ ഒഴുകിയെത്തുന്നു. ഷാഫി കൂത്തുപറമ്പിലും തലശ്ശേരിയിലുമാവുമ്പോള്‍ അവിടെ വടകരയായി മാറുകയായിരുന്നു.

പേരാമ്പ്രയിലും കുറ്റ്യാടിയിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ഏപ്രില്‍ നാല് വടകര പട്ടണത്തിന് മറക്കാനാവില്ല. വനിതകളടക്കം ആയിരക്കണക്കിനാളുകള്‍ക്കൊപ്പമാണ് ആര്‍ഡിഒ ഓഫീസിലേക്ക് പ്രവേശിച്ചത്. ഈ ചെറു ദിനങ്ങള്‍ കൊണ്ട് നാടും നഗരവും സൗമ്യനും ഉശിരനുമായ ഈ സ്ഥാനാര്‍ഥിയെ ചുമലിലേറ്റി നെഞ്ചിന്‍തടത്തില്‍ നടുകയായിരുന്നു. വടകരയിലെ ജനങ്ങള്‍ ഏറ്റിയ തിടമ്പുമായി ഷാഫി നിയോജകമണ്ഡലം മുഴുകെ നിറഞ്ഞു നിന്നു. ഓരോ ദിവസവും കിട്ടിക്കൊണ്ടിരുന്ന പൊലീസ് റിപ്പോര്‍ട്ടും പാര്‍ട്ടി നല്‍കുന്ന സ്ഥിതിവിവര കണക്കുകളും സിപിഎമ്മിനെ ഞെട്ടിച്ചു. വടകര ഇക്കുറിയും എല്‍ഡിഎഫിന് ഇല്ലെന്ന് വിധി എഴുതി കഴിഞ്ഞിരിക്കുന്നു.

പാര്‍ട്ടിയുടെ താല്‍ക്കാലിക ആസ്ഥാനം വടകരയിലേക്ക് മാറ്റി. ജില്ലാ സെക്രട്ടറിയും എംഎല്‍എമാരും മന്ത്രിമാരും നിയോജകമണ്ഡലം വിട്ട് പുറത്ത് പോകരുതെന്ന് സംസ്ഥാന കമ്മിറ്റിയുടെ തിട്ടൂരമിറങ്ങി. ഓരോ ദിവസത്തെയും വടകരയിലെ എല്‍ഡിഎഫിന്റെ മാത്രമല്ല, യുഡിഎഫിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനങ്ങളുടെ വിവരം മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറിയെയും അറിയിക്കാന്‍ ഏര്‍പ്പാടുകളുണ്ടായി. എന്നിട്ടും യുഡിഎഫ് പിന്നോട്ടല്ല; മുന്നോട്ടാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പാര്‍ട്ടി അടിത്തട്ടില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സത്യസന്ധമായ റിപ്പോര്‍ട്ടുകളും വിശകലനങ്ങളും ഷാഫി എന്ന പുതിയ കടത്തനാട് വീരന്റെ പോര് വിശേഷങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും മീതെ സമര്‍ദ്ദവും ഭീഷണിയും പലതരത്തില്‍ പ്രയോഗിച്ചു തുടങ്ങി.
തോല്‍വിയുടെ നെല്ലിപ്പടി കണ്ടു തുടങ്ങിയപ്പോള്‍ സിപിഎം അടവുകള്‍ പലതും മാറ്റി പ്രയോഗിച്ചും സാമുദായിക വിഭജനവും ജാതി പകയും പ്രാദേശിക പ്രശ്‌നങ്ങളും കുത്തിയുയര്‍ത്തി വിജയം നേടാന്‍ ശ്രമിച്ചു. ഇത് തിരിച്ചടിയായി മാറുന്നു എന്ന് ബോധ്യമായി. ടിപി ചന്ദ്രശേഖരന്റെ വധവും അതിലുള്ള ജനരോഷവും കമ്യൂണിസ്റ്റ് വിരുദ്ധതയും ഒരിക്കല്‍ കൂടി സിപിഎമ്മിനെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

പാര്‍ട്ടി നേതാക്കളുടെ അഴിമതിയുടെ കഥകള്‍ കുടം തുറന്നെത്തിയ ഭൂതങ്ങള്‍ വടകരയിലെ സിപിഎമ്മിനെയും വരിഞ്ഞുമുറുക്കുകയാണ്. പാര്‍ട്ടിക്കകത്തെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യരക്തസാക്ഷിയാണ് ടിപി ചന്ദ്രശേഖരന്‍. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തകയെന്ന ഭീകരവാദികളുടെ രീതി ശാസ്ത്രമാണ് അവര്‍ പുറത്തെടുത്തത്. അതായിരുന്നു പാനൂര്‍ സ്‌ഫോടനം. പതിനെട്ടടവും പയറ്റി തോല്‍ക്കുമെന്നുറപ്പിച്ചപ്പോഴാണ് ഒടുവിലത്തെ അടവായ പൂഴിക്കടകനുമായി രംഗത്തിറങ്ങിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്തീത്വത്തെ അപമാനിക്കുന്നു എന്ന നുണ ബോംബിന്റെ പത്മവ്യൂഹത്തിലകപ്പെടുത്തി ഷാഫിയെ വീഴ്ത്താനുള്ള ആരോപണങ്ങളും പ്രചരണങ്ങളും സ്വയംഹത്യക്ക് തന്നെ കാരണമായി പാനൂര്‍ ബോബുകളായി തീരുമെന്ന് തീര്‍ച്ച.

ആറു മഹാരഥന്‍മാര്‍ തീര്‍ത്ത വഞ്ചനയുടെ പത്മവ്യൂഹത്തിലകപ്പെട്ടാണ് അഭിമന്യു വീണതെങ്കില്‍ ഷാഫിയെന്ന അഭിനവ അഭിമന്യൂ വീഴാനുള്ളവനല്ല; വാഴാനുള്ളവനാണെന്ന് വടകര തെളിയിക്കും. കടത്തനാടന്‍ മണ്ണില്‍ നുണയും വഞ്ചനയും മുളപൊട്ടില്ല; വളരുകയുമില്ല. ഷാഫി പറമ്പില്‍ സ്ഥാനാര്‍ഥിയായെത്തിയപ്പോള്‍ പാലക്കാട് നിന്നു വന്നൊരു പീറ ചെക്കന്‍ എന്നു പറഞ്ഞു പരിഹസിച്ചവര്‍ കള്ളപ്രചാരണങ്ങള്‍ ആയുധമാക്കിയാണ് അന്ത്യ പോരാട്ടത്തിനിറങ്ങുന്നത്. കടത്തനാടിനെ കള്ളപോരിന്റെ നാടാക്കി മാറ്റാനുള്ള ആയുധങ്ങളാണല്ലോ പാനൂര്‍ ബോബും നുണ ബോബും. ഈ രണ്ടില്‍ നിന്നും അടവിന്റെയും തടവിന്റെയും നാട് മാറിടത്തെ കവചമാക്കി ഷാഫിയെ സംരക്ഷിക്കുമെന്ന് തീര്‍ച്ച.

Tags :
Author Image

Online Desk

View all posts

Advertisement

.