അടിയന്തരാവസ്ഥ അനിവാര്യമാക്കിയതാര്?; വീക്ഷണം എഡിറ്റോറിയൽ വായിക്കാം
ഇന്ത്യന്‍ ഭരണഘടനയുടെ 352-ാം അനുച്ഛേദം അനുസരിച്ച് 1975 ജൂണ്‍ 25ന് കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും 2014 ല്‍ നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയും താരതമ്യപ്പെടുത്തേണ്ട പ്രകടനങ്ങളാണ് പതിനെട്ടാം ലോക്‌സഭയുടെ ആദ്യദിനത്തില്‍ തന്നെ ബിജെപി ആരംഭിച്ചിരിക്കുന്നത്. പ്രതിപക്ഷവുമായ് കൈയെത്തും അകലമുള്ള ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ബിജെപി പ്രതിപക്ഷത്തെ ഒട്ടും വിശ്വാസത്തിലെടുക്കുന്നില്ല എന്നുള്ളതിന്റെ വിളംബരമാണ് ലോക്‌സഭ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍.
സഭയിലെ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും പ്രതിപക്ഷത്തിലുള്ള വിശ്വാസവും ബഹുമാനവും നിലനിര്‍ത്തുന്നതിനുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാനുള്ള കീഴ്‌വഴക്കം ആരംഭിച്ചത്. എന്നാല്‍ ആ കീഴ്‌വഴക്കങ്ങളും പ്രതിപക്ഷ ബഹുമാനവും നരേന്ദ്രമോദിയില്‍ നിന്നുണ്ടായില്ല. രണ്ടുദിവസത്തെ പ്രോടേം സ്പീക്കറുടെ അര്‍ഹതപ്പെട്ട പദവിപോലും പ്രതിപക്ഷത്തിന് നല്‍കാത്ത നരേന്ദ്രമോദിയുടെ അധമ സാന്നിധ്യംകൊണ്ട് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ കളങ്കപ്പെട്ടിരിക്കയാണ്.
രാജ്യത്തിനകത്തും പുറത്തും ആഭ്യന്തര ശക്തികളും വൈദേശിക ശക്തികളും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശിഥിലമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു 1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരാഗാന്ധി അടക്കമുള്ള നേതാക്കളെ വധിക്കാനും കലാപം സൃഷ്ടിക്കാനും ഛിദ്രശക്തികള്‍ ശ്രമിച്ചു. വിദ്യാര്‍ഥികളെയും യുവാക്കളെയും നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സമരരംഗത്തിറക്കി. ഗുജറാത്തിലെ ചിമന്‍ഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ നിരാഹാര സത്യഗ്രഹം നടത്തി മൊറാര്‍ജി ദേശായ് പറത്താക്കിച്ചു. ബിഹാറില്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരായ് സമ്പൂര്‍ണ വിപ്ലവമെന്ന പേരില്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റായ ജയപ്രകാശ് നാരായണ്‍ന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരം പലയിടങ്ങളിലും അക്രമാസക്തമായി. ഇന്ത്യയിലെ ജനജീവിതവും ചരക്ക് കൈമാറ്റവും സ്തംഭിപ്പിച്ചുകൊണ്ട് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള റെയില്‍വെ തൊഴിലാളികള്‍ ആരംഭിച്ച സമരവും ശക്തമായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം വലതുപക്ഷ കുലാക്കുകളും ഇടതുപക്ഷ സാഹസികരും ഇന്ത്യയിലെ ശാന്തജീവിതം തകര്‍ക്കാന്‍ ശ്രമിച്ചു. നക്‌സലൈറ്റുകളും ആര്‍എസ്എസും ആനന്ദമാര്‍ഗികളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ തീവ്രവാദ സംഘടനകളും ഇന്ത്യയെ ശിഥിലീകരിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. ബിഹാറിലെ സമസ്തിപുരില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി ലളിത് നാരായണ്‍ മിശ്ര കൊല്ലപ്പെട്ടു. നാടെങ്ങും ഭീതിയും അസ്വസ്ഥതയും വളര്‍ന്നു. കരിഞ്ചന്തയും കള്ളക്കടത്തും പൂഴ്ത്തിവെയ്പും വ്യാപകമായി. പട്ടാളത്തോടും അതിര്‍ത്തി സേനയോടും പൊലീസിനോടും സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിക്കരുതെന്ന് ജയപ്രകാശ് നാരായണ്‍ ആവശ്യപ്പെട്ടു. പട്ടാളത്തോട് ആയുധങ്ങളുമായ് ബാരക്കുകളില്‍ നിന്ന് പുറത്തുവരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പാകിസ്ഥാനെപ്പോലെ ജനങ്ങളെ വെടിവെച്ചും മര്‍ദ്ദിച്ചും കൊല്ലാന്‍ ഇന്ത്യക്ക് സാധ്യമല്ലായിരുന്നു. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നാല്‍പത് ദിവസം തികയുന്ന നാളിലായിരുന്നു ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും പ്രസിഡന്റും ഇന്ത്യയുടെ അടുത്ത സുഹൃത്തുമായ ഷേക് മുജീബുര്‍ റഹ്മാനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തത്. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ നടപടിയെ സാധൂകരിക്കുന്നതായിരുന്നു ഈ ദാരുണ സംഭവം.
അടിയന്തരാവസ്ഥയല്ല, അതിന്റെ പേരില്‍ നടന്ന നീചസംഭവങ്ങളായിരുന്നു രാജ്യത്ത് അച്ചടക്കവും ശാന്തിയും കൊണ്ടുവരാനുള്ള ശ്രമത്തെ കാളരാത്രികളായി ചിത്രീകരിക്കപ്പെട്ടത്. 1977 ല്‍ അടിയന്തരാവസ്ഥ നിലനില്‍ക്കെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും തോറ്റു. പിന്നീട് വന്ന ജനത പാര്‍ട്ടി സര്‍ക്കാര്‍ ഇന്ദിരാഗാന്ധിയെ ക്രൂരമായ് വേട്ടയാടി. അന്യായമായ രീതിയില്‍ അവരുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി. ഇന്ദിരയെ തകര്‍ക്കാന്‍ ശ്രമിച്ച ജനതാ ഭരണകൂടം മൂന്നുവര്‍ഷത്തിനുള്ളില്‍ സ്വയം തകര്‍ന്നുവീണു. 1980 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പൂര്‍വ്വാധികം ശക്തിയോടെ അധികാരത്തില്‍ തിരിച്ചുവന്നു.
അടിയന്തരാവസ്ഥയുടെ അസ്ഥികൂടം പൊക്കിക്കാണിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്താനുള്ള നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ വിജയിക്കില്ല. കോണ്‍ഗ്രസ് പശ്ചാത്തപിച്ചതും ജനങ്ങള്‍ ക്ഷമിച്ചതുമായ ഈ സംഭവത്തിന്റെ കുഴിതോണ്ടി പുറത്തിട്ടിട്ടും ഇന്ത്യയില്‍ പലതവണ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ വേട്ടയാടുന്ന മോദിയാണ് ഏറ്റവും ക്രൂരനായ ഏകാധിപതി. അടിയന്തരാവസ്ഥയുടെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ ഇന്ദിരയുടെ ഖേദപ്രകടനം ഇന്ത്യന്‍ ജനത സ്വീകരിച്ചു എന്നതിന്റെ പ്രകടിത രൂപമായിരുന്നു 1980 ലെ അവരുടെ തിരിച്ചുവരവ്. അടിയന്തരാവസ്ഥ അനിവാര്യമാക്കിയവര്‍ അതിന്റെ വിമര്‍ശകരായ് മാറുന്നത് വിരോധാഭാസമാണ്.