എന്തുകൊണ്ട് ഫെബ്രുവരി 29 ?
ഫെബ്രുവരി 29, നാല് വർഷത്തിലൊരിക്കൽ വരുന്ന അധിവർഷം. എറ്റവും ലളിതമായി നോക്കിയാൽ, ഒരു അധിക ദിവസം ഉൾക്കൊള്ളുന്ന വർഷമാണ് അധിവർഷം. നാലുകൊണ്ട് ശിഷ്ടം വരാതെ ഹരിക്കാവുന്ന വർഷങ്ങളാണ് അധിവർഷങ്ങൾ.സാധാരണയായി ഭൂമി സൂര്യനെ ചുറ്റാൻ 365 ദിവസങ്ങൾ എടുക്കുന്നു, എന്നാൽ ഓരോ വർഷവും ഇതിൽ 6 മണിക്കൂർ മിച്ചം വരും. ഇങ്ങിനെ നാല് ആണ്ടു വരുമ്പോൾ അധികമായി ഒരു ദിവസം തന്നെ കിട്ടുന്നു. അതാണ് ഫെബ്രുവരി 29. എന്നാൽ അധിവർഷങ്ങളിലും ചില ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാ വർഷവും കൃത്യം 6 മണിക്കൂർ സൂര്യനെ പ്രദിക്ഷിണം ചെയ്യുന്നതിനിടക്ക് ലാഭിക്കാൻ ഭൂമിക്ക് സാധിക്കാതെ വരുന്നതിലാണിത്. അൽപംകൂടി വിശദമായി പറഞ്ഞാൽ ഭൂമി സൂര്യനെ ചുറ്റാൻ എടുക്കുന്ന സമയം 365.2422 ദിവസമാണ്. അഥവാ 365 ദിവസവും 5 മണിക്കുറും 48 മിനിറ്റും 45,9747 സെക്കന്റുമാണ്. ഇങ്ങനെ വർഷത്തിൽ 0.9688 ദിവസം മിച്ചം വരുമ്പോഴേക്കും ഫെബ്രുവരി 29 എന്ന പൂർണ്ണദിനം നാം ചിലവഴിച്ചിരിക്കും.
എന്താണ് ഒരു ലീപ് ഡേ?
ഒരു അധിവർഷത്തിലെ അധിക ദിവസം ലീപ് ഡേ എന്നറിയപ്പെടുന്നു. ഫെബ്രുവരി മാസത്തിൽ ഇത് അതിൻ്റെ സ്ഥാനം കണ്ടെത്തുന്നു, സാധാരണ 28-ന് പകരം മാസം 29 ദിവസത്തേക്ക് നീട്ടുന്നു.
എന്തുകൊണ്ട് ഫെബ്രുവരി ?
ഗ്രിഗോറിയൻ കലണ്ടറിന് മുമ്പുണ്ടായിരുന്നത് റോമൻ കലണ്ടറായിരുന്നു. റോമൻ കലണ്ടറിൽ 10 മാസമാണ് ഉണ്ടായിരുന്നത്. 30 ദിവസത്തിന്റെ ആറ് മാസവും, 31 ദിവസത്തിന്റെ നാല് മാസവുമായിരുന്നു ആദ്യ കലണ്ടറിൽ മൊത്തം 304 ദിവസമാണ് ഇതിൽ ഉണ്ടായിരുന്നത്. കലണ്ടറിൽ മൊത്തം വരുന്ന ദിവസങ്ങളുടെ സംഖ്യ ഇരട്ടയക്കമാകുന്നത് ദുർഭാഗ്യമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ലുണാർ വർഷവുമായി ഒത്തുപോവാൻ റോമൻ രാജാവായ നുമ പോംപില്യസ് പത്ത് മാസത്തിനൊപ്പം ജനുവരിയും, ഫെബ്രുവരിയും കൂട്ടിച്ചേർത്തു. അതോടെ ഒരു വർഷത്തിലെ ദിവസങ്ങളുടെ എണ്ണം 366 ദിവസമായി. ഏതെങ്കിലും ഒരു മാസത്തിൽ നിന്ന് ഒരു ദിവസം കുറച്ചാലെ 365 ദിവസമാകുകയുള്ളു. അങ്ങനെ ഒരു മാസത്തിൽ ഒരു ദിവസം ഒഴിവാക്കാൻ തീരുമാനിച്ചു. മരിച്ചവരെ ആദരിക്കാൻ തെരഞ്ഞെടുത്ത ഏറ്റവും ദുഃശകുനം പിടിച്ച മാസമായിരുന്ന ഫെബ്രുവരിയിൽ നിന്ന് തന്നെ ഒരു ദിവസം കുറയ്ക്കാൻ തീരുമാനമായി.