കാട്ടാന ആക്രമണം; ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് എം പി
ന്യൂഡൽഹി: കോതമംഗലം - കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. ജനവാസ മേഖലകളിലും , കൃഷിസ്ഥലത്തും വന്യമൃഗ ആക്രമണങ്ങൾ വർദ്ധിക്കുന്നതിന് കാരണം സംസ്ഥാന സർക്കാരും, ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെയും അലംഭാവവുമാണ്. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം ആവശ്യമാണെന്നും ഡീൻ കുര്യാക്കോസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടടുത്തായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എൽദോസ് (45) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന എൽദോസിനെ ആക്രമിച്ചത്. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷന് അരകിലോമീറ്റർ അകലെയാണ് സംഭവം. എൽദോസിന്റെ മരണത്തിൽ പ്രതിഷേധം ശക്തമായതോടെ കലക്ടർ എത്തി ഉറപ്പ് നൽകിയതിന് ശേഷമാണ് മൃതദേഹം സ്ഥലത്തുനിന്നു മാറ്റാൻ നാട്ടുകാർ അനുവദിച്ചത്.