മാനന്തവാടിയെ വിറപ്പിച്ച് കാട്ടുകൊമ്പൻ,
നഗരം അടച്ചിട്ടേക്കും
ബത്തേരി: വയനാടിനെ വിറപ്പിച്ച് വീണ്ടും കാട്ടാന. കാടിറങ്ങി മാനന്തവാടി നഗരത്തിലിറങ്ങിയ കാട്ടാന നാലു മണിക്കൂറായി നാഗരത്തിൽ ചുറ്റിത്തിരിയുകയാണ്. രാവിലെ ആറു മണിയോടെ നഗരത്തിലിറങ്ങിയ ആന പത്തു മണിക്ക് കോഴിക്കോട് റോഡിന്റെ അരികിൽ നിലയുറപ്പിച്ചിരിക്കയാണ്. രണ്ടാഴ്ച മുൻപ് കർണാടക വനം വകുപ്പ് അധികൃതർ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിത്. എങ്ങനെയാണ് മാനന്തവാടിയിലെത്തിയതെന്ന് അറിയില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, കോടതി സമുച്ചയം, തുടങ്ങി ജനനിബിഢ കേന്ദ്രങ്ങളിലെല്ലം ആന കയറിയിറങ്ങി. പ്രധന നിരത്തുകളിൽ നിന്ന് ജനങ്ങളെ ഒഴിവാക്കി. സ്കൂളുകളിലേക്കും കോളെജുകളിലേക്കും വിദ്യാർഥികൾ വരുന്നതും വന്നവർ മടങ്ങുന്നതും ജില്ലാ കലക്റ്റർ തടഞ്ഞു.
ആനയെ മയക്കു വെടിവച്ചു തളയ്ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. അതു വജയകരമായി നടപ്പാക്കാനാവുന്നില്ലെങ്കിൽ മാനന്തവാടി പട്ടണം താൽക്കലികമായി അടച്ചിടാനും ആലോചിക്കുന്നുണ്ട്. സ്ഥലത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു.