Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൊലീസ് ക്വാർട്ടേഴ്സിൽ കാട്ടുപന്നി, ആക്രമിക്കപ്പെട്ടവരുടെ നില​ഗുരുതരം

08:09 PM Jan 29, 2024 IST | ലേഖകന്‍
Advertisement

ശാസ്താംകോട്ട: കൊല്ലം - തേനി ദേശീയപാതയിൽ ചക്കുവള്ളി ടൗണിനോട് ചേർന്ന് പ്രവർത്തിക്കുന്ന ശൂരനാട് പൊലീസ് സ്റ്റേഷനിലെ കാട് മൂടിയ ക്വാർട്ടേഴ്സുകളിൽ കാട്ടുമൃഗങ്ങളുടെ സാന്നിധ്യം സ്ഥരീകരിക്കുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം യുവതി അടക്കം വഴിയാത്രക്കാരായ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് സദനത്തിൽ വീട്ടിൽ ബാബു (68), ചരുവിള കിഴക്കതിൽ മഞ്ജു സുരേഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും ഇന്നലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ​ഗുരുതരമായി തുടരുകയാണ്.
അപ്രതീക്ഷിത ആക്രമണത്തിൽ മഞ്ജു സുരേഷിന്റെ ഇരു കൈകളും ഒടിഞ്ഞു തൂങ്ങി. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ പെരുങ്കുളം വാർഡിലെ ജനവാസ മേഖലയിലാണ് കാടുമൂടിയ ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്നത്. പൊട്ടിപ്പൊളിഞ്ഞ ക്വാർട്ടേഴ്സുകൾ വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇവി‌ടെ നിന്ന് കഷ്ടിച്ച് നൂറു മീറ്റർ മാത്രം അകലെയാണ് പോരുവഴി ​ഗവ. ഹയർ സെക്കൻഡറി സ്കൂളും തിരുവിതാംകൂർ ദേവസ്വം ബോർഡ് സെൻട്രൽ സ്കൂളും സ്ഥിതി ചെയ്യുന്നത്.
വിവിധ കേസുകളിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇവിടെയാണ് പൊലീസ് സൂക്ഷിക്കുന്നത്. ഇതുവഴി മുമ്പ് ഉണ്ടായിരുന്ന നടവഴി പൊലീസ് അടച്ചതും കാട് മൂടാൻ കാരണമായതായി നാട്ടുകാർ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ പൊതുസ്ഥലം വൃത്തിയാക്കൽ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്ഥലങ്ങളൊക്കെ വൃത്തിയാക്കുക പതിവായിരുന്നു. ഇപ്പോൾ അതൊന്നും ഇല്ലാത്തത് കാരണം വന്യജീവികൾ തമ്പടിക്കുകയാണ്.
കുറച്ചു നാൾ മുൻപ് ഈ പ്രദേശത്ത് പുലിയെ കണ്ടതായി വലിയ പ്രചാരമുണ്ടായിരുന്നു. പുലിയുടേതെന്നു തോന്നുന്ന ചിത്രങ്ങളും കാല്പാടുകളും പ്രചരിക്കപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു. എന്നാൽ വലിയൊരു കാട്ടു പൂച്ച വാഹനമിടിച്ചു ചത്തതോ‌ടെ പുലിപ്പേടി മാറി. അപ്പോഴാണ് കാട്ടുപന്നി പ്രത്യക്ഷപ്പെട്ടത്. കുന്നത്തൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽകാട്ടുപന്നിയുടെ ആക്രമണം പതിവാണ്. പത്തനാപുരത്തും നടുറോഡിൽ കാട്ടുപന്നികളിറങ്ങിയിരുന്നു. കുറച്ചു നാൾ മുൻപ് ചാത്തന്നൂർ, പാരിപ്പള്ളി മേഖലയിൽ കരടിയെ കണ്ടതും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരുന്നു. കൊല്ലം ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ പലപ്പോഴും വന്യമൃ​ഗങ്ങളുടെ ശല്യമുണ്ടാകുന്നു. പത്തനാപുരത്ത് തിരക്കേറിയ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തിറങ്ങി ഒരാളെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഇപ്പോഴും നടുക്കത്തോടെയാണ് നാട്ടുകാർ ഓർക്കുന്നത്.

Advertisement

ഫോട്ടോ..

ശൂരനാട് പൊലീസ് സ്റ്റേഷന് സമീപം കാട് പിടിച്ച് കിടക്കുന്ന ക്വാർട്ടേഴ്സ് പരിസരം

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ബാബു, മഞ്ജു സുരേഷ് എന്നിവർ ആശുപത്രിയിൽ

Tags :
kerala
Advertisement
Next Article