'കടുവയെ കൊല്ലാതെ കൊണ്ടുപോകാന്‍ സമ്മതിക്കില്ല'; വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
കല്പറ്റ: വയനാട് വാകേരിയിൽ പിടികൂടിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധവുമായി നാട്ടുകാർ. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവച്ച് കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കടുവയെ പിടികൂടിയെങ്കിലും നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്. വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധം തുടരുകയാണ്. കൂടല്ലൂരില്‍ കര്‍ഷകനെ കടുവ കടിച്ചുകൊന്ന സംഭവമുണ്ടായി പത്തു ദിവസത്തിനുശേഷമാണ് കടുവ കെണിയിലകപ്പെടുന്നത്
കടുവയെ വെടിവച്ച് കൊല്ലണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധത്തെതുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തുനിന്ന് കടുവയെ മാറ്റാനായിട്ടില്ല. കടുവ കുടുങ്ങിയ കൂട് ഉള്‍പ്പെെടെ വനംവകുപ്പിന്‍റെ വാഹനത്തിലേക്ക് മാറ്റിയെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് പുറത്തേക്ക് കൊണ്ടുവരാനായിട്ടില്ല. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തിക്കൊണ്ടിരിക്കുകയാണ്. കടുവയെ കൊണ്ടുപോയി കാട്ടില്‍ തുറന്നുവിടാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.