Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പരിരക്ഷ ഇല്ലെങ്കിൽ 'ഇനി രക്ഷയില്ല'; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

03:36 PM Nov 28, 2024 IST | Online Desk
Advertisement

പലർക്കും ഇപ്പോഴും ഇൻഷുറൻസിനെ പറ്റി വലിയ ധാരണയൊന്നുമില്ല. അപകടങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ മാത്രമാണ് പരിരക്ഷയെപ്പറ്റി അധികമാളുകളും ചിന്തിക്കുന്നതുപോലും. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ നിർബന്ധമായും ഇൻഷുറൻസ് പരിരക്ഷ ഉള്ളതായിരിക്കണമെന്ന നിലപാട് കർശനമാക്കിയിരിക്കുകയാണ് അധികൃതർ. മോട്ടോർ വാഹന നിയമത്തിലെ 1988ലെ സെക്ഷൻ 146 പ്രകാരം ഇന്ത്യൻ റോഡുകളിൽ ഓടുന്ന മോട്ടോർ വാഹനങ്ങൾക്ക് തേർഡ് പാർട്ടി റിസ്‍കുകൾ ഉൾക്കൊള്ളുന്ന ഇൻഷുറൻസ് പോളിസി ആവശ്യമാണെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം മുൻപേ വ്യക്തമാക്കിയിട്ടുണ്ട്. സാധുതയുള്ള മോട്ടോർ തേർഡ്-പാർട്ടി ഇൻഷുറൻസ് ഇല്ലാതെ ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിക്കുകയോ ഓടിക്കാൻ അനുവദിക്കുകയോ ചെയ്യുന്ന വാഹന ഉടമകൾക്ക് നിയമം ലംഘിച്ചതിന് തടവ് ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കാം. ആദ്യതവണ കുറ്റം ചെയ്‍താൽ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ 2,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാം. കുറ്റം പിന്നെയും ആവർത്തിച്ചാൽ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ 4,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാം. അപകടത്തിൽപെട്ട വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ അതാത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാർജ് കൂടി ചാർജ് ഷീറ്റിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിക്കണം. ഇതിനായി രേഖാമൂലം തന്നെ ആർടിഒ നടപടികൾ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണറുടെ സർക്കുലറിൽ പറയുന്നു. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാർ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിർദേശമുണ്ട്. ഒരു നിയമപരമായ ആവശ്യം എന്നതിന് പുറമേ, മോട്ടോർ തേർഡ്-പാർട്ടി ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുക എന്നത് ഉത്തരവാദിത്തമുള്ള റോഡ് ഉപഭോക്താവിൻ്റെ ഒരു പ്രധാന ഉത്തരവാദിത്തമാണ്. കാരണം ഇത് അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാകുമ്പോൾ ഇരകൾക്ക് പിന്തുണ ഉറപ്പുവരുത്തുന്നു. ഇന്ത്യൻ റോഡുകളിൽ ഓടുന്ന 56 ശതമാനം വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാത്തവയാണെന്ന് സർക്കാർ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. വാഹന ഇൻഷുറൻസ് പോളിസികൾ കൃത്യസമയത്ത് പുതുക്കേണ്ടതും അത്യാവശ്യമാണ്. പോളിസി കാലാവധി അവസാനിച്ചാൽ നിങ്ങൾക്കോ വാഹനങ്ങൾക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങളോ ചെലവുകളോ ഇൻഷുറൻസ് പ്ലാനിൽ ഉൾക്കൊള്ളില്ല. പോളിസി പുതുക്കിയതിനുശേഷം മാത്രമേ പോളിസി ഹോൾഡർക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. വാഹന ഇൻഷുറൻസ് പോളിസിയുടെ കാലാവധി അവസാനിച്ചാൽ പോളിസി ഹോൾഡമാർ ആദ്യം ചെയ്യേണ്ടത് ഇൻഷുറൻസ് പ്ലാൻ വാങ്ങിയ ഇൻഷുററെ അറിയിക്കുക എന്നതാണ്. ‌‌ഇൻഷുറൻസ് കമ്പനിയെ അറിയിച്ചുകഴിഞ്ഞാൽ വാഹനത്തിന്റെ സർവേയ്ക്കായി ഉപഭോക്താവുമായി കമ്പനി സർവേയർ കൂടിക്കാഴ്‌ച നടത്തും. സർവേയർ കാർ പരിശോധിച്ച് മുമ്പുണ്ടായിരുന്ന എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടോ എന്ന് വിലയിരുത്തും. കേടുപാടുകൾ‌ക്ക് ഒരു നിശ്ചിത കിഴിവ് നിശ്ചയിക്കാനും കൂടുതൽ ക്ലെയിമുകൾ‌ക്ക് നിരക്ക് ഈടാക്കാനും സാധ്യതയുണ്ട്. കൃത്യസമയത്ത് പോളിസി പുതുക്കുന്നവർക്ക് ഇൻഷുറൻസ് പ്ലാൻ പ്രകാരം ക്ലെയിം ബോണസും (എൻസിബി) മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. മൂന്ന് മാസം മുമ്പ് പോളിസി കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർക്ക് എൻ‌സിബിയുടെ ആനുകൂല്യങ്ങൾ നഷ്‌ടപ്പെടേക്കാം. കഴിഞ്ഞ വർഷങ്ങളിൽ ക്ലെയിം ചെയ്യാത്തവർക്കും ഈ ആനുകൂല്യങ്ങൾ നഷ്ടപ്പെടും. ഇന്ത്യൻ മോട്ടോർ നിയമങ്ങളുടെ മാനദണ്ഡമനുസരിച്ച് സാധുവായ വാഹന ഇൻഷുറൻസ് പോളിസി ഇല്ലാതെ കാർ ഓടിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. പിടിക്കപ്പെട്ടാൽ കർശന നടപടികളും പിഴയും ചുമത്തപ്പെടും. അതിനാൽ സാമ്പത്തികവും നിയമപരവുമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കൃത്യസമയത്ത് മോട്ടോർ ഇൻഷുറൻസ് പോളിസി പുതുക്കുന്നതാണ് നല്ലത്.

Advertisement

Advertisement
Next Article