യുട്യൂബ് വീഡിയോകൾക്ക് ലൈക്ക് അടിക്കുന്ന ജോലി; യുവാവിന് നഷ്ടമായത് 15 ലക്ഷം
ദില്ലി: യുട്യൂബ് വീഡിയോകൾക്ക് ലൈക്ക് അടിക്കുന്ന ജോലിയുടെ പേരിൽ ദില്ലി സ്വദേശിയായ യുവാവിന് നഷ്ടമായത് 15 ലക്ഷം രൂപ. ന്യൂ ദില്ലിയിലെ മഹാലക്ഷ്മി എൻക്ലേവിലാണ് സംഭവം. രാജേഷ് പാൽ എന്ന ദില്ലി സ്വദേശിക്കാണ് തട്ടിപ്പ് സംഘം യുട്യൂബ് വീഡിയോയ്ക്ക് ലൈക്ക് അടിക്കുന്ന ജോലി നൽകിയത്. വിശ്വസിപ്പിക്കുന്നതിനായി 150 രൂപ ഇയാൾക്ക് പ്രതിഫലമായി നൽകി.
പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് രാജേഷ് പാലിനെ ഒരു ടെലിഗ്രാം ഗ്രൂപ്പിലേക്ക് ചേർത്തിരുന്നു. ഇതിന് ശേഷം 5000 രൂപ ഒരു അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ജോലി പൂർത്തിയാകുന്ന മുറയ്ക്ക് തിരികെ നൽകുമെന്ന് വിശ്വസിപ്പിച്ച് ചെറിയ തുകകളായി സംഘം 15.2 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് മനസിലായതോടെ രാജേഷ് പാൽ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് സംഘത്തിലൊരാളായ ശുഭം മിശ്ര എന്നയാളെ ദില്ലി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. പണം കൈമാറിയത് ബാങ്ക് മുഖേന ആയതാണ് കേസിൽ പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് പൊലീസ് നിരീക്ഷിക്കുന്നത്. ദില്ലി, ബിഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ നിരന്തരമായി സഞ്ചരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും പൊലീസ് വിശദമാക്കി. കേസിലെ മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് വിശദമാക്കി.