ഭരണാധികാരികളുടെ വഞ്ചന തിരിച്ചറിയും: ഡോ. യുയാക്കിം മാർ കൂറിലോസ്
ചെങ്ങന്നൂർ: ക്രൈസ്തവ സമൂഹത്തിന്റെ നീതിപൂർവമായ അവകാശങ്ങൾ താമസിപ്പിക്കുന്നത് ഭരണഘടന ലംഘനം ആണെന്നും ഭരണാധികാരികൾ ഇത് ചെയ്യുന്നത് ക്രൈസ്തവ സമൂഹം മനസ്സിലാക്കുന്നുണ്ടന്ന സത്യം ഭരിക്കുന്നവർ തിരിച്ചറിയണമെന്നും മാർത്തോമാ സഭ ചെങ്ങന്നൂർ -മാവേലിക്കര ഭദ്രാസനാധിപൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപൊലീത്ത. കേരള കൗൺസിൽ ഓഫ് ചർച്ച് നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് നടക്കുന്ന ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്ര പൊലീത്ത.
ക്രൈസ്തവ സമൂഹത്തിന് ഭരണകൂടങ്ങളിൽ നിന്ന് നിരന്തരമായ അവഗണന ഉണ്ടാകുന്നുവെന്നും അതിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതികരണം ഉണ്ടാകും എന്നും മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഡോക്ടർ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.ജാഥ ക്യാപ്റ്റൻ
കെ സി സി ജനറൽ സെക്രട്ടറി ഡോ: പ്രകാശ് പി തോമസ്, ബിഷപ്പ് ഡോ: സെൽവദാസ് പ്രമോദ്, ജെയിസ് പാണ്ടനാട്, കെ സി സി വൈസ് പ്രസിഡൻ്റ് മേജർ ആശാ ജസ്റ്റിൻ, ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ ആർ നോബിൾ, ഭദ്രാസന സെക്രട്ടറിമാരായ ഫാ.പി കെ കോശി, റവ: ഡോ.സാംസൺ എം ജേക്കബ്ബ്, ഫാ: മാത്യു എബ്രഹാം, ഫാ.ജിജോ കെ ജോയ്, ഫാ: ഡോ: എബ്രഹാം കോശി, എന്നിവർ പ്രസംഗിച്ചു.
ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക, ന്യുനപക്ഷ സ്ക്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക, ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നൽക്കുക, പൂർണ്ണ സമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന നീതി യാത്ര രാവിലെ തിരുവല്ല മർത്തോമ സഭാ ആസ്ഥാനത്ത് കെ.സി സി പ്രസിഡൻ്റ് റൈറ്റ് റവ: ഡോ: അലക്സിയോസ് മാർ യൗസേബിയോസ് ഫ്ലാഗ് ഓഫ് ചെയ്തു. ഫെബ്രുവരി 9ന് സെക്രട്ടറിയറ്റ് മാർച്ചോടെ സമാപിക്കും.