മറ്റെന്തിനേക്കാളും വലുത് യെച്ചൂരി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ പി ജയരാജൻ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: ഇൻഡിഗോ വിമാന ബഹിഷ്‌കരണം അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അവസാനമായി കാണുന്നതിന് വേണ്ടിയാണ് രണ്ടു വർഷത്തിനുശേഷം ഇ പി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നത്. ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ജയരാജൻ ഡൽഹിക്ക് പോയത്.
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ഇ പി തള്ളിയിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് വിമാനക്കമ്പനി യാത്രാവലിക്ക് ഏര്‍പ്പെടുത്തുകയും പിന്നാലെ അദ്ദേഹം ഇന്‍ഡിഗോ ബഹിഷ്‌കരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇൻഡിഗോ സർവീസ് ഇ പി ബഹിഷ്കരിച്ച് കണ്ണൂരിലേക്കുള്ള യാത്ര ട്രെയിനിലാക്കിയത്. ‘‘ഉള്ള വിമാനത്തില്‍ എങ്ങനെയെങ്കിലും ഡൽഹിയിൽ എത്തുകയായിരുന്നു ലക്ഷ്യം. യച്ചൂരി തനിക്ക് അത്രയും പ്രിയപ്പെട്ട നേതാവാണ്. ഇൻഡിഗോ വിമാനത്തിൽ കയറേണ്ടെന്ന് അന്നും കയറാൻ ഇന്നും എടുത്ത നിലപാടുകൾ അതാത് സാഹചര്യത്തിൽ ശരിയാണ്. വിമാനത്തിൽ അന്ന് നടന്നത് ഇന്ത്യയുടെ ചരിത്രത്തിൽ നടക്കാത്ത സംഭവം’’– ഇ പി ജയരാജൻ പറഞ്ഞു.