നിങ്ങളുടെ വസ്ത്രം നിങ്ങളുടെ തീരുമാനമാണ് : രാഹുല്‍ഗാന്ധി
ഡല്‍ഹി: സ്ത്രീകള്‍ തെരഞ്ഞെടുക്കുന്ന ഹിജാബ് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഒരാള്‍ എന്ത് ധരിക്കണമെന്ന് മറ്റൊരാള്‍ നിര്‍ദ്ദേശിക്കരുതെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
ആശയ വിനിമയത്തിനിടെ കര്‍ണാടകയില്‍ അടുത്തിടെ നടന്ന ഹിജാബ് വിവാദത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി പരാമര്‍ശിക്കുകയും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാണെങ്കില്‍ അതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് എങ്ങനെയാകുമെന്ന് ചോദിക്കുകയും ചെയ്തു. അതിന് മറുപടിയായാണ് രാഹുല്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.
'ഒരു സ്ത്രീ എന്ത് ധരിക്കണം എന്നത് അവരുടെ തീരുമാനമാണ്. അതിന് അനുവദിക്കണം. ഇതാണ് എന്റെ അഭിപ്രായം. നിങ്ങള്‍ എന്ത് ധരിക്കണം എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ തീരുമാനമാണ്. എന്ത് ധരിക്കണമെന്ന് മറ്റാരും തീരുമാനിക്കണമെന്ന് ഞാന്‍ കരുതുന്നില്ല,' -അദ്ദേഹം പറഞ്ഞു.
അടുത്തിടെ രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ചതിനെച്ചൊല്ലി സംഘര്‍ഷം ഉടലെടുത്തിരുന്നു. 2022 ജനുവരിയില്‍ കര്‍ണാടകയിലെ ഉഡുപ്പിയിലെ കോളേജിലെ ചില മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിച്ചതിന്റെ പേരില്‍ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. സംഭവം സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധത്തിനും പ്രത്യാക്രമണത്തിനും ഇടയാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മത്സര പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു.