യുവര്‍ ഡാല്‍ വില്‍നോട്ട് കുക്ക് ഹിയര്‍''-എസ്എഫ്‌ഐയുടെ "ഡാൽ" ഇളക്കി സോഷ്യല്‍മീഡിയ!
കോഴിക്കോട്: ''തന്റെ പരിപ്പ് ഇവിടെ വേവില്ല'' എന്ന് 'എസ്എഫ്‌ഐയുടെ ഭാഷ'യില്‍ എങ്ങനെ പറയും! നേരെ, തൃശൂര്‍ കേരള വര്‍മ്മ കോളേജിന്റെ കവാടത്തിലേക്ക് പോയാല്‍ മതി. ''യുവര്‍ ഡാല്‍ വില്‍നോട്ട് കുക്ക് ഹിയര്‍''എന്ന് എസ്എഫ്‌ഐക്കാര്‍ അവിടെ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഭാഷാപരമായ് തര്‍ക്കിക്കാന്‍ നിന്നാല്‍ പണിയാവും. 'യൂ ഡോണ്ട് ടെല്‍ എനി ഗ്രാസ് !'-എന്നവര്‍ മറുപടി പറയാനാണ് സാധ്യത. 'നീ ഒരു പുല്ലും പറയേണ്ട' എന്നാണ് ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നുമാത്രം. ഗവര്‍ണര്‍ക്കെതിരായ ബാനര്‍ യുദ്ധത്തിന്റെ പേരില്‍ ഇംഗ്ലീഷ് ഭാഷയെ മാത്രമല്ല മാതൃഭാഷയെയും വികലമാക്കിയാണ് എസ്എഫ്‌ഐ അവതരിപ്പിക്കുന്നത്. 'ഇന്ദിരയുടെ അടിയന്തിരാവസ്ഥയെ ഭയപ്പെട്ടില്ല' എന്നും 'ഭരണഘടന പടിപ്പിക്കുക തന്നെ ചെയ്യും' എന്നും കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വികലമായ് അവര്‍ എഴുതിവെച്ചു.
'അടിയന്തര'വും 'പഠിപ്പിക്കലും' ഉള്‍പ്പെടെയുള്ള സാമാന്യ വാക്കുകള്‍ പോലും അറിയാത്ത എസ്എഫ്‌ഐയുടെ ബാനറുകള്‍ ഒന്നിന് പിന്നാലെ ഒന്നായ് പ്രത്യക്ഷപ്പെട്ടതോടെ സമൂഹമാധ്യമങ്ങളില്‍ പരിഹാസവര്‍ഷം നിറഞ്ഞു. ''യുവര്‍ ഡാല്‍ വില്‍നോട്ട് കുക്ക് ഹിയര്‍ എന്നാല്‍ തന്റെ പരിപ്പ് ഇവിടെ വേവില്ല എന്നാണ് എസ്എഫ്‌ഐക്കാര്‍ ഉദ്ദേശിച്ചത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കുംവരെ തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. അവര്‍ ഇംഗ്ലീഷ് പഠിപ്പിച്ച കുട്ടികള്‍ ഇങ്ങനെയേ പറയൂ'' രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ.ജയശങ്കര്‍ പരിഹസിക്കുന്നു. ''വേറവര്‍ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇന്‍ മൈ ഹെഡ്ഡ്! '' എന്ന മന്ത്രി ബിന്ദുവിന്റെ വാചകവും നേരത്തെ ട്രോളുകള്‍ക്ക് പാത്രമായിരുന്നു. 'വോം ടെല്‍ ആന്റ് പ്രൈസ് ടെല്‍ ഡോണ്ട് ഡൂ ഹിയര്‍' (വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട), യുവര്‍ ഇന്‍സ്റ്റാള്‍മെന്റ് വില്‍ നോട്ട് വാക്ക് ഹിയര്‍ (നിന്റെ അടവ് ഇവിടെ നടക്കൂല), യൂ ബണ്ടില്‍ യുവര്‍ ബണ്ടില്‍ (നിന്നെ കെട്ടുകെട്ടിക്കും) എന്നെല്ലാം പരിഹാസ രൂപത്തില്‍ പ്രയോഗിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം ഉള്‍പ്പെടെയുള്ളവരും എസ്എഫ്‌ഐയെ സമൂഹമാധ്യമങ്ങളില്‍ 'കൊന്ന് കൊലവിളിച്ചു'. എന്നാല്‍ സംഭവിച്ച പിശക് തിരുത്താനോ തെറ്റ് സമ്മതിക്കാനോ തയ്യാറാവാതെ ന്യായീകരണങ്ങള്‍ നിരത്തിയും എതിരാളികളെ മോശം ഭാഷയില്‍ അഭിസംബോധന ചെയ്തുമാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ഉള്‍പ്പെടെ മുന്നോട്ടുവന്നത്. എസ്എഫ്‌ഐയുടെ ഭാഷാ പ്രയോഗത്തെയും ആര്‍ഷോയെയും ന്യായീകരിച്ചും മഹത്വവത്കരിച്ചും നിരവധി സിപിഎം ബുദ്ധിജീവികളും മാധ്യമ പ്രവര്‍ത്തകരും രംഗത്തെത്തി. മാര്‍ക്ക് ലിസ്റ്റ് തിരുത്തിയും എഐഎസ്എഫ് വനിതാ നേതാവിനെ ജാതി അധിക്ഷേപം നടത്തിയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രയോഗിച്ചും വധശ്രമക്കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന് ജയില്‍വാസം തുടര്‍ന്നും തന്റെ സുഹൃത്തുകൂടിയായ കെ.വിദ്യയെ വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ സഹായിച്ചും കുപ്രസിദ്ധനായ ആര്‍ഷോയെ 'വെളുപ്പിക്കാ'നുള്ള ശ്രമത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം നിറയുകയാണ്.