ശരണപാതയിൽ സഹായ ഹസ്തമായി യൂത്ത് കോൺഗ്രസ് ഹെൽപ്പ് ഡെസ്ക്
പത്തനംതിട്ട : ജില്ലാ ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മണ്ഡലകാല ശബരിമല ഹെൽപ്പ് ഡെസ്ക് വിജയകരമായ അഞ്ചാം വർഷം പൂർത്തീകരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ജില്ലാ കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിൽ ഒരുക്കിയിട്ടുള്ള ഹെൽപ്പ് ഡെസ്ക് ജില്ലാ ആസ്ഥാനത്ത് എത്തിച്ചേരുന്ന ശബരിമല തീർത്ഥാടകർക്ക് ഭക്ഷണത്തിനും വിരി വയ്ക്കുന്നതിനും വൈദ്യസഹായത്തിനും ഉൾപ്പെടെ നിരവധി സേവനങ്ങൾ ആണ് ഈ ദിവസങ്ങളിൽ നൽകി വന്നിട്ടുള്ളത്.
മകരവിളക്ക് ദർശനത്തിന് എത്തിയ ഭക്തർക്ക് 52,000 ഭക്ഷണപ്പൊതികളാണ് കഴിഞ്ഞദിവസം ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. പമ്പയിലും നിലക്കിലും ദിവസങ്ങളോളം ശമ്പളമില്ലാതെ ജോലിചെയ്യുന്ന ആയിരത്തിലധികം കെഎസ്ആർടിസി ജീവനക്കാർക്കും ഭക്ഷണപ്പൊതികൾ ഇവർ എത്തിച്ചു നൽകി. ഹെൽപ്പ് ഡസ്ക് നേതൃത്വം നൽകുന്ന ഭക്ഷണം വണ്ടി പദ്ധതി "അന്നം ശരണം" രാജ്യസഭാ മുൻപാധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു.
മണ്ഡലകാലത്ത് കടുത്ത തിരക്ക് നേരിട്ടപ്പോൾ, പമ്പയിലും നിലയ്ക്കലും ഒറ്റപ്പെട്ടുപോയ ഭക്തർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുത്ത ഹെൽപ്പ് ഡെസ്ക് നേരത്തെ തന്നെ മാതൃകയായിട്ടുണ്ട്. ജില്ലാ ആസ്ഥാനത്തെത്തിച്ചേർന്ന ശാരീരികമായ അവശതയുള്ള ആളുകളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിനും ഇവർ വേണ്ടുന്ന നേതൃത്വം നൽകിവരുന്നു.
മകരവിളക്ക് ദിവസം പെരുനാട്, ളാഹ പ്ലാപ്പള്ളി, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിന് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പുഷ്പലത സി ബി, ഹെൽപ്പ് ഡസ്ക്ക് കോർഡിനേറ്റർമാരായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, സുനിൽ യമുന, അസ് ലം കെ അനൂപ്,സുധീഷ് സി.പി, കാർത്തിക്ക് മുരിംങ്ങമംഗലം, അഖിൽ റ്റി എ എന്നിവർ നേതൃത്വം നൽകി.